നെടുമ്പാശേരി: വാപ്പാലശേരിയിൽ അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ ശേഷം റെയിൽപാളത്തിൽ തള്ളിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഒറീസ ബാലകുട സ്വദേശി ചോട്ടുവെന്ന് വിളിക്കുന്ന ശ്രീധർ ബി. ഇഷോയാണ് (25) കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തുക്കളും ഒറീസാ സ്വദേശികളുമായ ചഗല സുമൽ (26), ആഷിഷ് ബഹുയി (26) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം .
പ്രതികൾ ശ്രീധറിനെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പൊതിഞ്ഞ് തൊട്ടടുത്ത റെയിൽവെ ട്രാക്കിൽ കൊണ്ടിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ പുലർച്ചെ ദുർഗാദേവി ക്ഷേത്രത്തിന് സമീപം റെയിൽവെ പാളത്തിൽ കാൽനട യാത്രക്കാരാണ് മൃതദേഹം കണ്ടത്. കഴുത്തും ഉടലുകളും വേർപെട്ട നിലയിലായിരുന്നെങ്കിലും ദുരൂഹത തോന്നിച്ചിരുന്നു. കൊല്ലപ്പെട്ട ശ്രീധറും പ്രതികളും ഒരുമിച്ചാണ് താമസം. വാപ്പാലശേരിയിലെ ഒരു കാർട്ടൺ കമ്പനിയിലാണ് മൂവരും ജോലിചെയ്തിരുന്നത്. ജോലിക്കിടയിൽ ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. മറ്റു തൊഴിലാളികൾ ഇടപെട്ടാണ് അത് പരിഹരിച്ചത്. എന്നാൽ രാത്രി മദ്യപിച്ചശേഷം വീണ്ടും ബഹളം ഉണ്ടാവുകയും അത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. തുടർന്ന് പ്രതികൾ ഇരുവരും ചേർന്ന് മൃതദേഹം റെയിൽവെ ട്രാക്കിൽ കൊണ്ടുപോയി ഇട്ടു. ട്രെയിൻ കയറിയിറങ്ങി മൃതദേഹം ഛിന്നഭിന്നമായി.
അർദ്ധരാത്രിയോടെ ശ്രീധർ ഫോൺചെയ്ത് പുറത്തേക്കക്ക് പോകുന്നതു കണ്ടെന്നും പിന്നീട് തിരികെ വന്നില്ലെന്നുമാണ് പ്രതികൾ ആദ്യം പൊലീസിനോടു പറഞ്ഞത്. തുടർന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്‌തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു.
കുറച്ചു മാസങ്ങൾക്കു മുമ്പ് ശ്രീധർ തന്നെയാണ് നാട്ടിൽനിന്നും രണ്ട് സുഹൃത്തുക്കളെയും ജോലിക്കായി കൊണ്ടുവന്നത്. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടാൻ കഴിഞ്ഞത് റൂറൽ പൊലിസിന്റെ നേട്ടമായി. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി എം.ആർ. മധുബാബു, എസ്.ഐമാരായ വന്ദന കൃഷ്ണ, എ.കെ. ബഷീർ, എ.എസ്.ഐ വി.എസ്. പ്രമോദ്, സി.പി.ഒമാരായ കെ.കെ. രാജേഷ്, എൻ.ജി, ജിസ് മോൻ, ദിലീപ്കുമാർ, എം.ആർ. മിഥുൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉള്ളത്.