ആലുവ: ആലുവയിലെ നിരവധി വിഷയങ്ങളിൽ ഇടപെട്ട ജനകീയ നേതാവാണ് ഇന്നലെ വിടവാങ്ങിയ ആലുവ നൊച്ചിനാംപറമ്പിൽ ബാലൻ എന്ന് വിളിക്കുന്ന ബാലസുബ്രഹ്മണ്യൻ. സി.പി.എം അംഗമായും സാധാരണ പ്രവർത്തകനുമായിരുന്ന അദ്ദേഹം പക്ഷെ അവസാന വോട്ട് നൽകിത് കോൺഗ്രസ് സ്ഥാനാർത്ഥിക്കാണെന്നതാണ് പ്രത്യേകത. കാഴ്ച്ച കുറവുള്ളതിനാൽ മറ്റൊരാളുടെ സഹായത്താലാണ് ഇക്കുറി വോട്ട് ചെയ്തത്. ആർക്ക് ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ കോൺഗ്രസ് എന്നായിരുന്നു മറുപടി. 1991 സെപ്തംബറിൽ നാഗ്പൂരിൽ കൊല്ലപ്പെട്ട റെയിൽവേ ടാക്‌സി ഡ്രൈവർ ചാറ്റുപാടത്ത് സി.എസ്. ഗോപി വധക്കേസ് പ്രതികളെ മൂന്ന് പതിറ്റാണ്ട് നീണ്ട നിയമയുദ്ധത്തിന് ശേഷം വെളിച്ചത്ത് കൊണ്ടുവന്നത് ബാലസുബ്രമണ്യനാണ്. ആലുവയിലും നാഗപ്പൂരിലും നിരാഹാരം, പ്രതിഷേധ സമരങ്ങൾ, ദേശീയപാത തടയൽ എന്നിവ സംഘടിപ്പിച്ചു.
2001ലാണ് സി.ബി.ഐ കേസേറ്റെടുത്തത്. കാർ കൊണ്ടുവരാനെന്ന വ്യാജേന ഗോപിയെ നാഗപ്പൂരിൽ എത്തിച്ച ശേഷം കൊലപ്പെടുത്തി കിണറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. 2011ലാണ് ഡ്രൈവർ വധക്കേസിലെ പ്രതികൾ അറസ്റ്റിലായത്. നാഗ്പൂർ സ്വദേശിയായ ഉമേഷ് ചൗബ് എന്നയാളുടെ സഹായം ബാലൻ അവിടെയെത്തി നേടിയെടുത്തു. ഉമേഷിനെ ആലുവയിലെത്തിച്ച് പ്രതിഷേധ യോഗത്തിൽ പങ്കെടുപ്പിച്ചു. ഗോപി കൊലചെയ്യപ്പെടുമ്പോൾ സ്കൂൾ വിദ്യാർത്ഥിനിയായിരുന്ന മകൾ സ്മിത പിന്നീട് ആലുവ നഗരസഭയുടെ ചെയർപേഴ്‌സനായി. നിലവിൽ ആലുവ കോടതിയിൽ അഭിഭാഷകയാണ്.
ആലുവ നഗരത്തിൽ പ്രവേശിക്കുന്ന ബസുകൾ നഗരം ചുറ്റിയ ശേഷമേ മുനിസിപ്പൽ സ്റ്റാൻഡിൽ പ്രവേശിക്കാവൂയെന്ന ഗതാഗത നിയമം 30 വർഷം മുമ്പ് നടപ്പാക്കിയത് ബാലന്റെ നേതൃത്വത്തിൽ നടന്ന സമരത്തെ തുടർന്നാണ്. അതുവരെ റെയിൽവേ സ്റ്റേഷന് മുന്നിലുള്ള ബസ് സ്റ്റാൻഡിൽ നിന്നാണ് ബസുകൾ പുറപ്പെട്ടിരുന്നത്. ദേശീയ പാതയോട് ചേർന്ന് പുതിയ സ്റ്റാൻഡ് വന്നപ്പോൾ ബസുകൾ നേരിട്ട് പ്രവേശിക്കുന്ന സംവിധാനമാണ് നടപ്പിലാക്കിയത്. ഇതിനെതിരെ നിരാഹാര സമരം ഒരു മാസം നീണ്ടു. അവസാനം ട്രാഫിക് പോലീസ് മുട്ടുമടക്കി. പ്രധാനമായും കാലടി, വരാപ്പുഴ, ഏലൂർ, എറണാകുളം ബസുകൾ ഇപ്രകാരം ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട ശേഷം നഗരം ചുറ്റിയാണ് അതാത് സ്ഥലങ്ങളിലേക്ക് പോകുന്നത്.
തയ്യൽ ഉപജീവന മാർഗമായിരുന്ന ബാലന്റെ നിരീക്ഷണ പാടവവും ജനസ്വാധീനവും പൊലീസ് പല കേസുകളിലും ഉപയോഗിച്ചിട്ടുണ്ട്. നഗരത്തിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനകളിലും ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. 1972ൽ എസ്.എൻ.ഡി.പി യോഗം ആലുവ ടൗൺ ശാഖ സെക്രട്ടറിയായിരുന്നു. ആലുവ റെയിൽവേ സ്റ്റേഷനിലെ ടാക്സി യൂണിയൻ (സി.ഐ.ടി.യു) സെക്രട്ടറിയുമായിരുന്നു.ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏറെകാലമായി പൊതുരംഗത്ത് നിന്നും വിട്ടുനിൽക്കുകയായിരുന്നു.