കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്തിലെ പാലച്ചിറയ്ക്കും വേണം സംരക്ഷണം.11ാം വാർഡിലെ പാങ്കോട് തിരുവാലുകുന്നത്ത് പ്രദേശത്തെ ഏക ശുദ്ധജല സ്രോതസായിരുന്ന പാലച്ചിറ നാശത്തിന്റെ വക്കിലാണ്. സമീപത്തെ ഏക്കറുകണക്കിന് കൃഷിയിടങ്ങളിലേയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിച്ചിരുന്ന ചിറയാണ് ഇപ്പോൾ കാട്കയറി ഉപയോഗ ശൂന്യമായികൊണ്ടിരിക്കുന്നത്. സമീപത്തെ കൃഷി നിലച്ചതോടെ മൂന്ന് കടവുകൾ ഉൾപ്പെടെ ഉപയോഗത്തിൽ ഉണ്ടായിരുന്ന ചിറയെ ആരും ശ്രദ്ധിക്കാതെയായി.ഇതോടെ ചിറയിലേയ്ക്കുള്ള നീർച്ചാലുകൾ ഇല്ലാതാവുകയും കാലക്രമേണ ചെളിനിറഞ്ഞും ചുറ്റും കൈതമുള്ളും വളർന്ന് ജീർണതയിലേയ്ക്ക് അടുത്തു. ഇപ്പോൾ ചിറയുടെ നടുഭാഗം മാത്രമാണ് അവശേഷിയ്ക്കുന്നത്. എന്നാലും നല്ല തെളിനീർ വഹിച്ചാണ് ഇപ്പോഴും ഈ ജലസംഭരണി നിലനിൽക്കുന്നത്. കഴിഞ്ഞ മുപ്പതുകൊല്ലത്തിനിടയ്ക്ക് ചിറ സംരക്ഷിയ്ക്കുവാനുള്ള പദ്ധതികൾക്ക് ഒന്നും തന്നെ ശ്രദ്ധകൊടുക്കാതെ പ്രദേശത്തെ ഏറ്റവും വലിയ ജലസംഭരണികൂടിയായ ചിറയെ മാറിവരുന്ന ഭരണകൂടങ്ങൾ അവഗണിച്ചതാണ് ഓരേക്കറോളം വിസ്തൃതിയിൽ പരന്ന് കിടന്ന ചിറ നാശോന്മുഖമാകുവാൻ കാരണമെന്നാണ് നാട്ടുകാരും കർഷകരും പറയുന്നത്.ചിറയോടുചർന്ന് തരിശുകിടന്നിരുന്ന നെൽവയലുകൾ ഇപ്പോൾ പാടശേഖരസമിതിയുടെയും നാട്ടിലെ കർഷകരുടെയും സ്വകാര്യവക്തികളുടെയും പങ്കാളിത്തതോടെ വീണ്ടും കൃഷിയിറക്കിയിട്ടുണ്ട്.അതിനാൽ മേഖലയിലെ ഏറ്റവും വലിയ ജലസ്രോതസുകളിൽ ഒന്നായ പാലച്ചിറ സംരക്ഷിക്കുന്നതിന് വേണ്ട നടപടികൾ എത്രയും വേഗം അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സമര പരിപാടികൾ ആരംഭിക്കും
പാടശേഖരസമിതിയുടെയും നാട്ടുകാരുടെയും ആവശ്യപ്രകാരം ഗ്രാമസഭകളിൽ പലപ്പോഴും പാലചിറ ചർച്ചാവിഷയമായെങ്കിലും എഴുതിചേർത്ത രേഖകളിൽ മാത്രം വിഷയം ഒതുങ്ങിക്കൂടുകയായിരുന്നു. ചിറയുടെ ഓരങ്ങൾ ഇതിനോടകം പലരുടെയും കൈവശം ആയിക്കഴിഞ്ഞു. എന്നാലും ബാക്കിയുള്ളത് സംരക്ഷിക്കാനുള്ള നടപടികൾ ഇനിയും സ്വികരിച്ചില്ലെങ്കിൽ സമര പരിപാടികൾ ആരംഭിക്കുമെന്നും നാട്ടുകാർ പറയുന്നു.