ginger

കോലഞ്ചേരി: കൊവിഡിലും കർഷക സമരത്തിലും തട്ടി ഇഞ്ചി വില കുത്തനെ താഴേക്ക്. സമീപകാലത്തെ ഏ​റ്റവും വലിയ ഇടിവ്. വീഴ്ച ,ക്വിന്റലിന് 5000 രൂപയിൽ നിന്ന് വെറും ആയിരത്തിലേക്ക്. ഇഞ്ചിയുടെ പ്രധാന വിപണന കേന്ദ്രം ഡൽഹിയാണ്. ഇവിടെ തുടരുന്ന കർഷക സമരവും കൊവിഡ് വ്യാപനവുവും വ്യാപകമായ കൃഷിയുമാണ് ഇഞ്ചി കർഷകരുടെ നെഞ്ചിൽ തീകോരിയിടുന്ന വില തകർച്ചയിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇഞ്ചി വിലത്തകർച്ച അയൽസംസ്ഥാനങ്ങളിൽ കൃഷി ചെയ്യുന്ന നൂറുകണക്കിന് കർഷകരെയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതേസമയം കിഴങ്ങു വർഗങ്ങളുടെ വിലയിടിവും കർഷകർക്ക് ഇടിത്തീയായി. ചേന, ചേമ്പ് തുടങ്ങിയവ വാങ്ങാനാളില്ലാത്ത സ്ഥിതിയാണ്.

പുതിയ ഇഞ്ചി, വിപണിയിൽ എത്താൻ തുടങ്ങിയത് മുതലാണ് വില പരിധി വിട്ട് താഴേക്ക് പോയത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പുതിയ ഇഞ്ചിക്ക് കിട്ടുന്നവില കുറവായിരിക്കുമെന്നതിനാൽ ആദ്യമൊന്നും കർഷകർ ഇടിവ് കാര്യമാക്കിയിരുന്നില്ല. കർണാടകത്തിലേയും മ​റ്റും തദ്ദേശീയരായ കർഷകരും എത്ര കുറഞ്ഞ വിലയ്ക്കും ഈ ഘട്ടത്തിൽ ഇഞ്ചി വി​റ്റഴിക്കുമെന്നത് പരിധിവിട്ട് കൃഷി വർദ്ധിച്ച സീസണിൽ വിലയിടിവിന് വേഗം കൂട്ടി. നവംബർ, ഡിസംബർ മാസങ്ങളിൽ ഇഞ്ചിവില ഏത് പ്രതികൂല സാഹചര്യത്തിലും 1500 രൂപയെങ്കിലുമായി ഉയരുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്ന മലയാളി കർഷകർക്ക് ഇപ്പോഴത്തെ സാഹചര്യം കനത്ത തിരിച്ചടിയായി. ഒരേക്ക‌ർ ഇഞ്ചിക്കൃഷി ചെയ്യാൻ ആറുലക്ഷം രൂപ വരെയാണ് ചിലവ്. ഉത്പാദനം എത്ര ഉയർന്നാലും രണ്ടു ലക്ഷം രൂപയിലേറെ നഷ്ടം സഹിക്കേണ്ടി വരും. കഴിഞ്ഞവർഷം ഇഞ്ചിക്ക് മോശമല്ലാത്ത വിലയാണ് ലഭിച്ചതെങ്കിലും സുപ്രധാന വിളവെടുപ്പ് ഘട്ടം ലോക്ക് ഡൗണിൽ മുങ്ങിപ്പോയി. ആർക്കും ഉത്പന്നം വില്പൻ കഴിഞ്ഞില്ല. ഈ സമയം ഇഞ്ചി നടാൻ കഴിയാതെ പോയതും തിരിച്ചടിയായി. മുൻ വർഷങ്ങളിൽ മലയാളികളുടെ ഇഞ്ചിക്കൃഷിയുടെ ശരാശരി ഉത്പാദനം ഏക്കറിന് 300 ചാക്ക് വരെയായിരുന്നു. ഇത്തവണ 200 ചാക്കിലൊതുങ്ങി. സാധാരണ ഗതിയിൽ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ തുടങ്ങുന്ന വിളവെടുപ്പ് ജനുവരി ആകുമ്പോൾ 30 ശതമാനത്തിലധികം പൂർത്തിയാകേണ്ടതുണ്ട്. ഇക്കുറി കാര്യങ്ങൾ എവിടെയുമെത്തിയിട്ടില്ല. മലയാളികൾ ആരും വിളവെടുപ്പ് തുടങ്ങിയിട്ടില്ല. ഈ സാഹചര്യം വരും മാസങ്ങളിൽ കടുത്ത വില്പന സമ്മർദത്തിന് ഇടയാക്കും. കൃഷിയുടെ അളവിലുണ്ടായ വർദ്ധനയും വിലത്തകർച്ചയ്ക്ക് ഒരു കാരണമാണ്. കഴിഞ്ഞ വർഷങ്ങളിൽ ഭേദപ്പെട്ട വില ലഭിച്ചതോടെ മലയാളികൾ കൃഷി ഇരട്ടിയാക്കി. മാർച്ച് പകുതിയോടെയെങ്കിലും ഇഞ്ചി വില ഭേദപ്പെട്ട തലത്തിലേക്ക് ഉയരുമെന്നാണ് കർഷകുരുടെ പ്രതീക്ഷ.