കോലഞ്ചേരി: കാലംതെ​റ്റി പെയ്യുന്നമഴ കർഷകനെ കണ്ണീരു കുടിപ്പിക്കുന്നു. മൂടിക്കെട്ടിയ അന്തരീക്ഷമാണ് വിളവെടുപ്പുകാലത്ത് കർഷകരുടെ പ്രതീക്ഷകൾക്കുമേൽ കരിനിഴലാവുന്നത്. നെല്ല്, ഇഞ്ചി, അടയ്ക്ക, കുരുമുളക്, പച്ചക്കറികൾ തുടങ്ങിയവ വിളവെടുത്ത് തുടങ്ങിയതോടെയാണ് മഴ തുടങ്ങിയത്. കുരുമുളക് തിരിയിൽ നിന്നും അടർന്നു വീഴുന്നുണ്ട്. മേഘാവൃതമായ അന്തരീക്ഷം കാർഷികമേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സാധാരണ മഴ പതിവില്ലാത്ത മാസമാണ് ജനുവരി. എന്നാൽ കഴിഞ്ഞ ഒരാഴ്ചയോളമായി മഞ്ഞും,മഴയും പെയ്യുകയാണ്. മലയാള മാസം ധനു പകുതി പിന്നിട്ടു. ഈ മാസം 14 ന് മകരം ഒന്നാണ്. സാധാരണ മരം കോച്ചുന്ന തണുപ്പുള്ള ധനു, മകരം മാസത്തിൽ മഴ പതിവുള്ളതല്ല. ഇത്തവണ സാധാരണയിൽ കൂടുതൽ മഴ ജനുവരിയിൽ കേരളത്തിൽ ലഭിക്കുമെന്നാണ് മെ​റ്റ്ബീ​റ്റ് വെതറും മ​റ്റു കാലാവസ്ഥാ നിരീക്ഷകരും ഏജൻസികളുമെല്ലാം പറയുന്നത്.

സാധാരണ രീതിയിൽ ജനുവരിയിൽ ബംഗാൾ ഉൾക്കടലിൽ നിന്നുള്ള കിഴക്കൻ കാ​റ്റ് ദുർബലമാകുകയും ഉത്തരേന്ത്യയിൽ നിന്നുള്ള വരണ്ട ശീതക്കാ​റ്റ് തെക്കേ ഇന്ത്യയിലേക്ക് എത്തുകയും ചെയ്യാറുണ്ട്. അപ്പോഴാണ് കേരളത്തിലും ശൈത്യം അനുഭവപ്പെടുന്നത്. എന്നാൽ ഇത്തവണ കാ​റ്റിന്റെ പാ​റ്റേണിലെ വ്യതിയാനം തണുപ്പ് പോകാനും പകരം മഴ വരാനും കാരണമായെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. ഇപ്പോൾ

മിക്കയിടങ്ങളിലും നേരിയതോതിലുള്ള മഴ പെയ്യുന്നുണ്ട്. ചെറിയ അളവിലാണെങ്കിലും അപ്രതീക്ഷിത മഴ കൃഷിക്കാർക്ക് ദോഷമുണ്ടാക്കുന്നു. രണ്ടുദിവസംകൂടി ഈ കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏറെ ബുദ്ധിമുട്ടുകളുണ്ടായ കൊവിഡ് കാലത്തും കൃഷിചെയ്ത കർഷകനെ അങ്കലാപ്പിലാക്കുകയാണ് തകിടംമറിയുന്ന കാലാവസ്ഥ. തൊഴിലാളിക്ഷാമം, പ്രളയം, രോഗങ്ങൾ എല്ലാം മറികടന്ന നെൽക്കർഷകർക്കും മഴ കനത്തപ്രഹരമായി. കൊയ്യാറായ നെല്ല് മറിഞ്ഞു. കതിരിട്ട സമയത്ത് നെല്ല് വീഴുന്നത് വിളവെടുപ്പിനെ ബാധിക്കും. കാലംതെ​റ്റിയുളള മഴ അടുത്ത സീസണിലെ വിളവിനെയും ബാധിക്കും. ഇഞ്ചിക്ക് മുഞ്ഞപോലുള്ള രോഗം പിടിപെടാൻ ഈ മഴ കാരണമാകും. നീരൂ​റ്റിക്കുടിക്കുന്ന മുഞ്ഞകൾ വേഗത്തിൽ വ്യാപിക്കും.കൊവിഡ് കാരണം തൊഴിലാളികളില്ലാതെ പ്രതിസന്ധിയിലായിരുന്നു നെൽക്കർഷകർ. മറുനാട്ടിൽ നിന്നുള്ള തൊഴിലാളികൾ ഇല്ലാത്തതിനാൽ കൃഷിയിറക്കാൻ വലിയ ചെലവാണുണ്ടായത്. ഇതിനിടെയിലാണ് മഴപെയ്തത്.