ആലുവ: സാമൂഹ്യ - സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ നിറസാന്നിദ്ധ്യമായിരുന്ന ആലുവ നൊച്ചിനാംപറമ്പിൽ ബാലനെന്ന് വിളിക്കുന്ന ബാലസുബ്രഹ്മണ്യന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഇന്നലെ രാവിലെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ നിരവധി പേരാണ് അന്തിമോപചാരം അർപ്പിക്കാനെത്തിയത്.
കോളിളക്കം സൃഷ്ടിച്ച ആലുവ ഗോപി വധക്കേസ്, സ്വകാര്യ ബസുകളുടെ നഗരം ചുറ്റൽ തുടങ്ങിയ നിരവധി വിഷയങ്ങളിൽ മുന്നണിപ്പോരാളിയായിരുന്നു. 1991 സെപ്തംബറിൽ നാഗ്പൂരിൽ കൊല്ലപ്പെട്ട റെയിൽവേ ടാക്‌സി ഡ്രൈവർ ചാറ്റുപാടത്ത് സി.എസ്. ഗോപി വധക്കേസ് പ്രതികളെ മൂന്ന് പതിറ്റാണ്ട് നീണ്ട നിയമയുദ്ധത്തിന് ശേഷം വെളിച്ചത്ത് കൊണ്ടുവന്നത് ബാലസുബ്രമണ്യനാണ്. ആലുവയിലും നാഗപ്പൂരിലും നിരാഹാരം, പ്രതിഷേധ സമരങ്ങൾ, ദേശീയപാത തടയൽ എന്നിവ സംഘടിപ്പിച്ചു. 2001ലാണ് സി.ബി.ഐ കേസേറ്റെടുത്തത്. കാർ കൊണ്ടുവരാനെന്ന വ്യാജേന ഗോപിയെ നാഗപ്പൂരിൽ എത്തിച്ചശേഷം കൊലപ്പെടുത്തി കിണറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. 2011ലാണ് പ്രതികൾ അറസ്റ്റിലായത്. ഗോപി കൊലചെയ്യപ്പെടുമ്പോൾ സ്‌കൂൾ വിദ്യാർത്ഥിനിയായിരുന്ന മകൾ സ്മിത പിന്നീട് ആലുവ നഗരസഭയുടെ ചെയർപേഴ്‌സണായി. നിലവിൽ ആലുവ കോടതിയിൽ അഭിഭാഷകയാണ്.
ആലുവ നഗരത്തിലേക്ക് വരുന്ന ബസുകൾ നഗരംചുറ്റിയ ശേഷമേ സ്റ്റാൻഡിൽ പ്രവേശിക്കാവൂയെന്ന നിയമം 30 വർഷം മുമ്പ് നടപ്പാക്കിയത് ബാലന്റെ നേതൃത്വത്തിൽ നടന്ന സമരത്തെ തുടർന്നാണ്. അതുവരെ റെയിൽവെ സ്റ്റേഷന് മുന്നിലുള്ള ബസ് സ്റ്റാൻഡിൽ നിന്നാണ് ബസുകൾ പുറപ്പെട്ടിരുന്നത്. ദേശീയപാതയോട് ചേർന്ന് പുതിയ സ്റ്റാൻഡ് വന്നപ്പോൾ ബസുകൾ നേരിട്ട് പ്രവേശിക്കുന്ന സംവിധാനമായി. ഇതിനെതിരെ നടന്ന സമരത്തെ തുടർന്നാണ് ബസ് നഗരം ചുറ്റണമെന്ന തീരുമാനമുണ്ടായത്.
1972ൽ എസ്.എൻ.ഡി.പി യോഗം ആലുവ ടൗൺ ശാഖ സെക്രട്ടറിയായിരുന്നു. ആലുവ റെയിൽവേ സ്റ്റേഷനിലെ ടാക്‌സി യൂണിയൻ (സി.ഐ.ടി.യു) സെക്രട്ടറിയുമായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഏറെക്കാലമായി പൊതുരംഗത്തുനിന്നും വിട്ടുനിൽക്കുകയായിരുന്നു.