കൊച്ചി: പൂണിത്തുറ കലാസാംസ്‌കാരികകേന്ദ്രം പ്രശസ്ത നടൻ എം.എസ് തൃപ്പൂണിത്തുറയുടെ ഓർമയ്ക്കായി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
15ന് വൈകിട്ട് 7ന് പൂണിത്തുറ ഗാന്ധിസ്‌ക്വയർ മിനി പാർക്ക് ആൻഡ് ഓപ്പൺ തിയേറ്ററിൽ ആദ്യ ഫെസ്റ്റിവൽ നടക്കും. മേയർ എം. അനിൽകുമാർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. 10 ദിവസം നീളുന്ന മേളയിൽ ദിവസവും അഞ്ചു ചിത്രങ്ങൾ വീതം ആകെ 50 ചിത്രങ്ങൾ പ്രദർശിപ്പിക്കും. അണിയറ പ്രവർത്തകരുമായുള്ള മുഖാമുഖം, ചർച്ചകൾ എന്നിവയുമുണ്ടാവും. മികച്ച ചിത്രം, സംവിധായകൻ, നടൻ, നടി എന്നിവയിലുൾപ്പെടെ ഏഴു വിഭാഗങ്ങളിൽ പുരസ്‌കാരങ്ങൾ നൽകും.
കലാകേന്ദ്രം പ്രസിഡന്റ് വി.പി. ചന്ദ്രൻ, സെക്രട്ടറി പി.എം. വിപിൻകുമാർ, ഭാരവാഹികളായ കെ.എ. സുരേഷ്ബാബു, ബാബു കളരിക്കൽ, കെ.എസ്. ദിലീഷ് ഷൺമാധരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.