കൊച്ചി: 4 കോടിരൂപ ചെലവഴിച്ച് നടത്തുന്ന എറണാകുളം ചിൽഡ്രൻസ് പാർക്കിന്റെ നവീകരണജോലികൾ ഫെബ്രുവരി രണ്ടാംവാരത്തിൽ പൂർത്തിയാകുമെന്ന് ടി.ജെ. വിനോദ് എം എൽ എ. പറഞ്ഞു. പാർക്ക് സന്ദർശിച്ച് നിർമാണപ്രവൃത്തികൾ വിലയിരുത്തിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർക്കിലേക്കുള്ള പുതിയ പ്രവേശനകവാടം, കുട്ടികൾക്കായുള്ള ആധുനിക ഉപകരണങ്ങൾ, കുളത്തിന്റെ സൗന്ദര്യവത്ക്കരണം, ശൗചാലയങ്ങളുടെ നവീകരണം, കുടിവെള്ളം ഒരുക്കൽ, സൗരോർജ പാർക്ക്, സി.സി. ടി. വി. കാമറകൾ സ്ഥാപിക്കൽ ഉൾപ്പെടെ പതിനേഴോളം നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. സി.എസ്.എം.എൽ. നിർമിക്കുന്ന പ്രവേശന കവാടത്തിന്റെയും കമ്പിവേലിയുടെയും ജോലികൾ 15 ദിവസത്തിനകം പൂർത്തീകരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയിട്ടുണ്ട്. സൗരോർജ പാർക്ക് 10 ദിവസത്തിനുള്ളിൽ പൂർത്തീകരിക്കും. കുളത്തിന്റെ സൗന്ദര്യവത്ക്കരണ പ്രവർത്തനങ്ങളും മൂന്ന് ആഴ്ക്കുള്ളിൽ പൂർത്തിയാക്കും. എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി പാർക്കിന് നടുവിൽ ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കും.
ടൂറിസം ജോയിന്റ് ഡയറക്ടർ ഷാഹുൽ ഹമീദ്, ഡെപ്യൂട്ടി ഡയറക്ടർ ബിജു വർഗീസ്, ജില്ലാ ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് എസ്. ചന്ദ്രസേനൻ, സൂപ്രണ്ട് കെ.കെ. ഷാജി, നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന കെൽ ഡെപ്യൂട്ടി ജനറൽ മാനേജർ സ്‌നേഹലത ടി.വി, സി.എസ്.എം.എൽ ടീം ലീഡർ അജയകുമാർ, ഡി.ടി.പി.സി സെക്രട്ടറി വിജയകുമാർ, നിർവാഹക സമിതിഅംഗം പി.ആർ. റെനീഷ് എന്നിവരും എം.എൽ.എയ്ക്കൊപ്പം ചിൽഡ്രൻസ് പാർക്ക് സന്ദർശിച്ചു.