sanitizer
നെടുമ്പാശേരിയിൽ വ്യാജ സാനിറ്റൈസർ നിർമ്മാണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടിയ സാനിറ്റൈസറുകൾ

നെടുമ്പാശേരി: പോസ്റ്റോഫീസ് കവലയിൽ വാടകവീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അംഗീകാരമില്ലാത്ത സാനിറ്റൈസർ നിർമ്മാണകേന്ദ്രം ഡ്രഗ്‌സ് കൺട്രോളറുടെ നേതൃത്വത്തിൽ റെയ്ഡ് ചെയ്ത് അഞ്ച് ലക്ഷത്തിലേറെ രൂപയുടെ സാനിറ്റൈസർ പിടിച്ചെടുത്തു. വീട് വാടകയ്‌ക്കെടുത്ത ആലുവ യു.സി കോളേജ് സ്വദേശി ഹാഷിമിനായി പൊലീസ് അന്വേഷണമാരംഭിച്ചു.

ഡ്രഗ്സ് കൺട്രോളറുടെയോ പഞ്ചായത്തിന്റെയോ ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിദിനം ആയിരത്തോളം ലിറ്റർ സാനിറ്റൈസർ നിർമ്മിക്കാനുള്ള ഉപകരണങ്ങളും കണ്ടെടുത്തു. ആവശ്യക്കാർക്ക് വിവിധ ബ്രാൻഡുകളുടെ ലേബലിൽ ഇവിടെ നിന്നും സാനിറ്റൈസർ നിർമ്മിച്ച് നൽകിയിരുന്നു. ഏത് അളവിലും പായ്ക്ക് ചെയ്യാൻ കഴിയുന്ന സാമഗ്രികളും തയ്യാറാക്കിയിരുന്നു. നിർമ്മിക്കാൻ ആവശ്യമായ സാധനസാമഗ്രികൾ, സ്റ്റിക്കറുകൾ, ഡ്രംസ്, ഇവ നിറയ്ക്കാനുള്ള വിവിധ അളവുകളിലുള്ള കാലിക്കുപ്പികൾ എന്നിവയും പിടികൂടിയിട്ടുണ്ട്. റീജിയണൽ ഡ്രഗ്‌സ് കൺട്രോളർ അജു ജോസഫ്, റീജിയണൽ ഓഫീസർ അജയകുമാർ, ഇൻസ്‌പെക്ടർ ജയൻ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.