കൊച്ചി : കോതമംഗലം മർത്തോമൻ ചെറിയ പള്ളി ജനുവരി എട്ടിനകം ഏറ്റെടുത്ത് ഒാർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിൾബെഞ്ചിന്റെ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജനുവരി 15 വരെ നീട്ടി. സംസ്ഥാന സർക്കാരിനു വേണ്ടി എറണാകുളം ജില്ലാ കളക്ടർ നൽകിയ അപ്പീലിലാണ് ഇടക്കാല ഉത്തരവ്.
പള്ളി സർക്കാർ ഏറ്റെടുത്തു കൈമാറണമെന്ന സിംഗിൾബെഞ്ചിന്റെ വിധി നടപ്പാക്കിയില്ലെന്നാരോപിച്ച് ഒാർത്തഡോക്സ് വിഭാഗം വികാരി ഫാ. തോമസ് പോൾ റമ്പാൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ജനുവരി എട്ടിനകം പള്ളി ഏറ്റെടുത്തു കൈമാറണമെന്നും, അല്ലെങ്കിൽ കേന്ദ്രസേനയുടെ സഹായത്തോടെ പള്ളി ഏറ്റെടുക്കുമെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കിയത്. ഇൗ ഉത്തരവ് നിയമപരമല്ലെന്നാരോപിച്ചാണ് സർക്കാർ അപ്പീൽ നൽകിയത്. കോടതിയലക്ഷ്യ ഹർജിയിൽ എതിർ കക്ഷികൾ കുറ്റം ചെയ്തോയെന്ന് പരിശോധിച്ച് നടപടിയെടുക്കുകയാണ് വേണ്ടതെന്നും സ്റ്റേറ്റ് അറ്റോർണി വാദിച്ചു.
കോടതിയലക്ഷ്യ ഹർജിയിൽ ഇത്തരമൊരുത്തരവു നൽകിയ സിംഗിൾബെഞ്ചിന്റെ നടപടി പരിധി കടന്നുള്ളതാണെന്ന സർക്കാരിന്റെ വാദം വിശദമായി പരിശോധിക്കേണ്ടതാണെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. തർക്കം സമാധാനപരമായി പരിഹരിക്കാൻ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ ചർച്ചകൾ നടത്തുന്നുണ്ട്. സാമൂഹ്യ ഐക്യം സംരക്ഷിക്കുന്നതിനും സമാധാനപരമായി പ്രശ്നം പരിഹരിക്കുന്നതിനുമാണ് ഇവരൊക്കെ വിലയേറിയ സമയം ഇതിനായി വിനിയോഗിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു.
പുനഃപരിശോധനാ ഹർജിക്ക് നിർദ്ദേശം
കേന്ദ്ര സേനയുടെ സഹായത്തോടെ പള്ളി ഏറ്റെടുക്കാനുള്ള സിംഗിൾബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാൻ ഹർജി നൽകണമെന്ന് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശമുണ്ടെന്ന് അസി. സോളിസിറ്റർ ജനറൽ വ്യക്തമാക്കി. തർക്കം സമാധാനപരമായി പരിഹരിക്കേണ്ടത് സംസ്ഥാനത്തെ ക്രമസമാധാനം നിലനിറുത്താൻ അനിവാര്യമാണ്. പ്രശ്ന പരിഹാരത്തിന് ഇരുകൂട്ടരും ആവശ്യപ്പെട്ടതനുസരിച്ചു പ്രധാനമന്ത്രി ചർച്ച നടത്തി. നിർഭാഗ്യവശാൽ ഇരുവിഭാഗങ്ങൾക്കും സംസ്ഥാന സർക്കാരിൽ വിശ്വാസമില്ലാതെയായെന്നും അസി. സോളിസിറ്റർ ജനറൽ വ്യക്തമാക്കി.
വിശ്വാസികളെ പുറത്താക്കുന്നത് നീതിനിഷേധം : മെത്രാപ്പൊലീത്ത
തിരുവനന്തപുരം: ആരാധനയ്ക്കായി പടുത്തുയർത്തിയ ദേവാലയങ്ങളിൽ നിന്ന് വിശ്വാസികളെ പുറത്താക്കുന്നത് നീതിനിഷേധമാണെന്ന് യാക്കോബായ സുറിയാനി സഭ മുംബയ് ഭദ്രാസനാധിപനും സഭാ സമരസമിതി ജനറൽ കൺവീനറുമായ തോമസ് മാർ അലക്സന്ത്രയോസ് മെത്രാപ്പൊലീത്ത പറഞ്ഞു.
വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമനിർമാണം നടത്തണമെന്നാവശ്യപ്പെട്ട് യാക്കോബായ സുറിയാനി സഭയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന ഏഴാം ദിവസത്തെ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭാംഗങ്ങളുടെ ദു:ഖങ്ങൾ പരിഹരിക്കാൻ സർക്കാരിനു കഴിയുമെന്ന് ഉറപ്പുണ്ട്. അവകാശങ്ങൾ നേടിയെടുക്കുന്നതു വരെ സമരരംഗത്തുണ്ടാകുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
സഭാ വർക്കിംഗ് കമ്മിറ്റിയംഗം ഫാ.ഡോ.ജേക്കബ് മിഖായേൽ പുല്ല്യാട്ടേൽ അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.ഡോ.മത്തായി അതിരംപുഴയിൽ, ഫാ.പി.സി.പൗലോസ്, ഫാ.ബേബി പൗലോസ് ഓലിക്കൽ, ഫാ.റെജി പോൾ ചവർപ്പനാൽ, സമര സമിതി സെക്രട്ടറി ഫാ.ജോൺ ഐപ്പ്, സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ വികാരി ഫാ.സഖറിയ കളരിക്കാട്, കെ.എ.ഷിനോജ്, ഐസക് കുറുങ്ങാട്ടിൽ, പൗലോസ് കുറുബേമഠം തുടങ്ങിയവർ സംസാരിച്ചു.