കൊച്ചി: കേന്ദ്രസർക്കാർ കുടുംബശ്രിമിഷനുമായി സഹകരിച്ച് ദീൻദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശല്യയോജനയുടെ ഭാഗമായി കേരളത്തിലെ ഗ്രാമീണ യുവതി യുവാക്കൾക്ക് കാർഷികമേഖലയിൽ സൗജന്യമായി തൊഴിലധിഷ്ഠിത നൈപുണ്യവികസന പരിശീലനം സംഘടിപ്പിക്കുന്നു. തിരുവനന്തപുരത്തെ ശ്രീശ്രീ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഗ്രികൾച്ചർ സയൻസ് ആൻഡ് ടെക്നോളജി ട്രസ്റ്റാണ് പരിശീലനം നൽകുന്നത്. വിത്ത് ഉത്പാദനം, ( 3 മാസം), ഉദ്യാനപാലനം (4.5 മാസം), ജൈവകൃഷി ( 4 മാസം) എന്നിവയാണ് കോഴ്സുകൾ. സൗജന്യതാമസം, ഭക്ഷണം, യൂണിഫോം എന്നിവയോടുകൂടിയ റെസിഡൻഷ്യൽ ട്രെയിനിംഗാണ്. വിജയകരമായി പരീശീലനം പൂർത്തിയാക്കുന്നവർക്ക് സ്റ്റൈപ്പന്റോടുകൂടി 3 മാസത്തെ ഇന്റേൺഷിപ്പും, തുടർന്ന് ജോലി ലഭിക്കാൻ ആവശ്യമായ പ്ലേസ്മെന്റ് സഹായവും ഉണ്ടാകും. വിത്ത് ഉത്പാദനം- 70, ഉദ്യാനപാലനം 90, ജൈവ ഉൽപ്പാദകൻ 105 സീറ്റുകൾ വീതമാണുള്ളത്. ഇതിൽ സാമൂഹീകമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിലുള്ള ക്രിസ്ത്യൻ/ മുസ്ലീം ( ന്യൂനപക്ഷവിഭാഗങ്ങൾ), പട്ടികജാതി, പട്ടികവർഗം എന്നിവർക്ക് 60 ശതമാനം സീറ്റുകളിൽ മുൻഗണ നൽകും. കുടുംബശ്രീ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും വനിതകൾക്കും പ്രത്യേക പരിഗണനയുമുണ്ട്. അപേക്ഷകരുടെ പ്രായപരിധി 15 നും 35 വയസിനും മദ്ധ്യേ. താൽപര്യമുള്ളവർ http://tiny.cc/ddu-gky എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം.