കൊച്ചി: മൂന്നര വർഷത്തെ ഇടവേളയ്ക്കുശേഷം വല്ലാർപാടം ടെർമിനലിനെയും കൊച്ചി തുറമുഖത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചരക്കുഗതാഗത സംവിധാനമായ കണ്ടെയ്‌നർ റോറോ സർവീസ് തിങ്കളാഴ്ച പുനരാരംഭിക്കും.
കഴിഞ്ഞ നവംബർ ഒന്നിന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന സർവീസ് സാങ്കേതിക കാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു.
നഷ്ടത്തെ തുടർന്ന് നിറുത്തിയ സർവീസ് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെയും (കെ.എസ്.ഐ.എൻ.സി ) കേന്ദ്ര സർക്കാർ സ്ഥാപനമായ ഇൻലാൻഡ് വാട്ടർവേയ്‌സ് അതോറിറ്റി ഒഫ് ഇന്ത്യയുടെയും സംയുക്ത സംരംഭത്തിലാണ് പുനരാരംഭിക്കുന്നത്. വെല്ലിംഗ്ടൺ ഐലൻഡിലെ റോറോ ജെട്ടിയും ബോൾഗാട്ടിയിലെ ഒന്നാംഗോശ്രീ പാലത്തോടുചേർന്നുള്ള ജെട്ടിയും കേന്ദ്രീകരിച്ചാണ് സർവീസ്. ഇരുജെട്ടികളും ഉൾനാടൻ ജലപാത അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ളതാണ്.
# സവിശേഷതകൾ
എം.വി. ആദിശങ്കര, എം.വി. രാമൻ എന്നീ റോ റോകളുടെ നിർമ്മാണച്ചെലവ് 15 കോടി
56 മീറ്റർ നീളം 13.50 മീറ്റർ വീതി
375 ടൺ ഭാരം വഹിക്കാൻ ശേഷി
കണ്ടെയ്‌നറുകളെയും വാഹനങ്ങളെയും ഉൾക്കൊള്ളും
# പരാജയത്തിൽ നിന്ന്
പാഠം പഠിച്ച്
വല്ലാർപാടത്തേക്കുള്ള ചരക്കുനീക്കം സുഗമമാക്കുന്നതിന് 2011 ൽ ആരംഭിച്ച റോറോ സർവീസ് വൻ നഷ്ടത്തിലായതോടെ 2017 ജൂൺ അഞ്ചിന് നിറുത്തലാക്കി. പ്രതിദിനം 750 കണ്ടെയ്‌നറുകൾ അക്കരെ കടത്തണമെന്ന വ്യവസ്ഥയിൽ 25 ലക്ഷം രൂപയ്ക്കാണ് അന്ന് ഷിപ്പിംഗ് കമ്പനി കരാർ ഏറ്റെടുത്തത്. പത്തുവർഷത്തേക്കായിരുന്നു കരാർ. ആറുവർഷം കഴിഞ്ഞിട്ടും ഇതിന്റെ പത്തിലൊരുഭാഗം കണ്ടെയ്‌നറുകൾപോലും ഇതുവഴി എത്തിയില്ല. ഇതോടെ കമ്പനി കടുത്ത സാമ്പത്തിക നഷ്ടത്തിലായി.
ഡെപ്പോസിറ്റ് തുക അഞ്ചുലക്ഷമായി കുറയ്ക്കണമെന്നു കമ്പനി ആവശ്യപ്പെട്ടെങ്കിലും പോർട്ട്ട്രസ്റ്റ് അംഗീകരിച്ചില്ല. ഇതു പോർട്ടും കരാറുകാരുമായുള്ള നിയമയുദ്ധത്തിലേക്ക് എത്തിച്ചു. മദ്ധ്യസ്ഥ ചർച്ചകൾ പരാജയപ്പെട്ടതോടെ സർവീസ് നിർത്തിവയ്ക്കാൻ പോർട്ട്ട്രസ്റ്റ് അധികൃതർ തീരുമാനിച്ചു. നഷ്ടം ഒഴിവാക്കുന്നതിന് നടത്തിപ്പ് ഏജൻസികൾ ഇത്തവണ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്
# സമയവും ചെലവും ലാഭം
സർവീസ് പുനരാരംഭിക്കുന്നതോടെ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാകുന്നത് വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽവഴി ചരക്കുനീക്കം നടക്കുന്ന വാണിജ്യവ്യാപാര സമൂഹത്തിനാണ്. റോഡുമാർഗം ചരക്കുനീക്കം നടത്തുമ്പോഴുണ്ടാകുന്ന ചെലവിന്റെ വലിയൊരു ശതമാനം റോറോയിലൂടെ ലാഭിക്കാനാകും. നഗരം ചുറ്റിയാണ് കണ്ടെയ്‌നറുകൾ വല്ലാർപാടത്തെത്തിയിരുന്നത്. ഇതുവഴി വൻ സാമ്പത്തിക നഷ്ടമാണു കമ്പനികൾക്ക് സംഭവിച്ചിരുന്നത്.