വൈപ്പിൻ: മുസിരിസ് പൈതൃക പദ്ധതിയിൽപ്പെട്ട പ്രദേശങ്ങൾ കണ്ടറിയാൻ സംഘടിപ്പിച്ച ദശദിന ഹെറിറ്റേജ് സൈക്കിൾ റൈഡ് സമാപിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങിൽ നിന്നായി നാന്നൂറോളം റൈഡർമാർ പങ്കെടുത്തു. ദിവസേന അമ്പതോളം റൈഡർമാർ സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങിൽ നിന്നായി സൈക്കിളിൽ സഞ്ചരിച്ചാണ് സൈക്കിളിംഗ് പൂർത്തിയാക്കിയത്. ആദ്യ അഞ്ച് ദിവസം അഴീക്കോട് മുനക്കൽ ബീച്ചിലും അവസാന അഞ്ച് ദിവസം ചേന്ദമംഗലം പാലിയം കോവിലകത്തിലും രാവിലെ കേന്ദ്രീകരിച്ച് തുടർന്ന് മുസിരിസ് പദ്ധതി പ്രദേശത്തെ വിവിധ മ്യൂസിയങ്ങളായ പറവൂർ ജൂതസിനഗോഗ്, ചെറായി സഹോദരൻ അയ്യപ്പൻ ജന്മഗൃഹം, ഇന്ത്യയിലെ ആദ്യവിദേശ കോട്ടയായ പള്ളിപ്പുറം കോട്ട, എറിയാട് അബ്ദുൽ റഹ്മാൻ സ്മാരകം , കോട്ടപ്പുറം കോട്ട , കോട്ടപ്പുറം വാട്ടർഫ്രണ്ട്, ബന്ധപ്പെട്ട മറ്റ് സ്മാരകങ്ങൾ എന്നിവ സൈക്കിളിൽ സഞ്ചരിച്ച് വൈകുന്നേരത്തോടെ തിരിച്ചുപോകുന്ന രീതിയിലായിരുന്നു ഹെറിറ്റേജ് സൈക്കിളിംഗ്.
റൈഡർമാരുടെ കൂട്ടത്തിൽ കൊല്ലം പാരിപ്പള്ളി പൊലിസ് സ്റ്റേഷനിലെ എ.എസ്.ഐ ഷാജഹാനും മകളുമാണ് ഏറ്റവും അകലെ നിന്ന് പങ്കെടുത്തത്. 2019 ൽ കൊല്ലത്ത് നിന്നും തുടങ്ങി മഞ്ചേശ്വരം വരെയേയും അവിടെ നിന്ന് തിരികെ തിരുവനന്തപുരം പാറശാല വഴി കൊല്ലത്ത് സമാപിച്ച സൈക്കിൾ റൈഡിൽ 14 ജില്ലകളിലൂടെ 18 ദിവസം കൊണ്ട് 1700 കി. മി. ദൂരം സഞ്ചരിച്ച് ഹെൽമെറ്റ് ബോധവത്കരണം നടത്തി ശ്രദ്ധയാകാർഷിച്ചിട്ടുണ്ട് ഷാജഹാൻ. മുസിരിസ് യാത്രയിൽ സൺസെറ്റ് ക്രൂയിസ് ബോട്ടിംഗ് കൂടി ആസ്വദിച്ചാണ് റൈഡർമാർ യാത്രാപഥം പൂർത്തിയാക്കിയത്.
ഈ വർഷം ഫെബ്രുവരിയിൽ പൊന്നാനിയിൽ നിന്നാരംഭിച്ച് മുസിരിസ് പ്രദേശങ്ങളിലൂടെ സൈക്കിൾ ചവിട്ടി ആലപ്പുഴ വരെ പോകുന്ന പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്ന് മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി . എം.നൗഷാദ് അറിയിച്ചു.