കൊച്ചി: ഇടപ്പള്ളി മൂത്തകുന്നം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ത്രിഡി വിജ്ഞാപനം ഇറക്കാനുള്ള സർക്കാർ തീരുമാനം സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് ദേശീയപാത സംയുക്ത സമരസമിതി പറഞ്ഞു. ഭൂമി കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമാക്കുന്ന ത്രിഡി വിജ്ഞാപനത്തിന് മുമ്പ് പദ്ധതിക്ക് മുൻകൂർ പരിസ്ഥിതി അനുമതി നേടിയിരിക്കണമെന്ന് കഴിഞ്ഞ ഡിസംബർ എട്ടിന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. നിലവിൽ അപേക്ഷ പോലും നൽകിയിട്ടില്ല. സുപ്രീംകോടതി ഉത്തരവ് അപ്പോൾതന്നെ വക്കീൽ നോട്ടീസിലൂടെ ഡെപ്യൂട്ടി കളക്ടറെയും ദേശീയപാത അതോറിറ്റിയെയും അറിയിച്ചിട്ടുള്ളതാണ്. നിയമം ചൂണ്ടിക്കാട്ടി ജനങ്ങളുടെ വീടും ഭൂമിയും പിടിച്ചെടുക്കുന്ന സർക്കാർതന്നെ സുപ്രീം കോടതിവിധിയും നിയമവ്യവസ്ഥകളും കാറ്റിൽ പറത്തുന്നത് അംഗീകരിക്കാനാവില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ നടപടികളടക്കം സ്വീകരിക്കാൻ സംയുക്തസമരസമിതി തീരുമാനിച്ചിട്ടുണ്ടെന്നും ദേശീയപാത സംയുക്തസമരസമിതി അംഗം ഹാഷിം ചേന്നാമ്പിള്ളി പറഞ്ഞു.