തൃക്കാക്കര : ഇങ്ങനെ പോയാൽ ശരിയാവില്ല. കൊവിഡ് പ്രതിരോധം ശക്തമാക്കാൻ കച്ചകെട്ടി ജില്ലാ ഭരണകൂടം. ഇന്നലെ കളക്ട്രേറ്റിൽ ചേർന്ന ആരോഗ്യപ്രവർത്തകരുടെ യോഗത്തിൽ ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു എന്ന വിലയിരുത്തി. ഈ സാഹചര്യത്തിലാണ് അരയും തലയും മുറുക്കി കൊവിഡ് പോരാട്ടം ശക്തമാക്കാൻ ജില്ലാ ഭരണകൂടം തീരുമാനച്ചത്. നടപടികളും പരിശോധനങ്ങളും കാര്യക്ഷമമാക്കാൻ യോഗത്തിൽ ജില്ലാ കളക്ടർ എസ്. സുഹാസ് നിർദേശിച്ചു.ആരോഗ്യ പ്രവർത്തകരും കൊച്ചിയിലെ ഐ.എം എ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
ഗുരതരാവസ്ഥയിൽ
കൂടുതൽ രോഗികൾ
രണ്ടാഴ്ചയായി ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. രണ്ടു ദിവസങ്ങളിലായി ആയിത്തിനടുത്താണ് പോസിറ്റീവ് ആയവരുടെ എണ്ണം. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്. അതിനാൽ പൊതു ജനങ്ങൾ ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു. കൊവിഡ് ചികിത്സാ സൗകര്യം വർദ്ധിപ്പിക്കുന്നതിന്റ ഭാഗമായി ആലുവ ജില്ലാ ആശുപത്രിയിൽ കൂടുതൽ കിടത്തി ചികിത്സാ സൗകര്യം ലഭ്യമാക്കാനും തീരുമാനിച്ചു.
ഓക്സിജൻ ബെഡ് കൂട്ടും
അധികമായി 100 ഐ.സി യു കിടക്കകൾ ഉൾപ്പെടുന്ന ബ്ലോക്കാണ് ആലുവ ആശുപത്രിയിൽ പ്രവർത്തനം ആരംഭിക്കുന്നത്. രണ്ടാഴ്ചക്കുള്ളിൽ നിർമ്മാണം പൂർത്തിയാക്കി ചികിത്സ ആരംഭിക്കും. കൂടാതെ ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിലും തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും ഓക്സിജൻ ബെഡിന്റെ എണ്ണം വർദ്ധിപ്പിക്കുന്നതിനും തീരുമാനിച്ചു. പൊതുജനങ്ങൾക്കായുള്ള ബോധവത്ക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും സർവൈലൻസ് യൂണിറ്റിനോട് കളക്ടർ നിർദ്ദേശിച്ചു. ഇതിനായി വീഡിയോകളും പോസ്റ്ററുകളും ഉപയോഗിക്കണം. സോഷ്യൽ മീഡിയ വഴിയുള്ള ബോധവത്കരണവും കൂടുതൽ ശക്തമാക്കും.