ആലുവ: കിഫ്ബിയുടെ ധനസഹായത്തോടെ ആലുവ മാർക്കറ്റ് സമുച്ചയം നിർമ്മിക്കുന്നതിന് ആലുവ നഗരസഭ കൗൺസിലിന്റെ പച്ചക്കൊടി. സാമ്പത്തിക സഹായത്തിനായി വിശദമായ പദ്ധതി റിപ്പോർട്ട് സമർപ്പിക്കാൻ അടിയന്തര കൗൺസിൽ യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു.

മാർക്കറ്റ് സമുച്ചയം നിർമ്മാണത്തിനാവശ്യമായ ഫണ്ട് കിഫ്ബി വകയിരുത്തി ഭരണാനുമതി നൽകിയതായി അറിയിച്ച് പ്രൊജക്ട് ഡയറക്ടർ കഴിഞ്ഞ ഫെബ്രുവരിയിൽ നഗരസഭയ്ക്ക് നൽകിയ കത്താണ് കൗൺസിൽ യോഗം രണ്ടാമതും പരിഗണിച്ചത്. 2020 മാർച്ച് 16ന് നഗരസഭ കൗൺസിൽ വിഷയം ചർച്ച നടത്തിയെങ്കിലും ഭരണപക്ഷമായ കോൺഗ്രസ് തന്നെ സഹായം സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. കേരള അർബൻ റൂറൽ ഡെവലപ്‌മെന്റ് ഫൈനാൻസ് കോർപ്പറേഷന്റെ വായ്പ ലഭിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലായിരുന്നു തീരുമാനം. എന്നാൽ സാങ്കേതിക കാരണങ്ങളാൽ പദ്ധതി നീണ്ടു. നഗരസഭയിൽ പുതിയ ഭരണസമിതി ചുമതലയേറ്റതോടെയാണ് പഴയ ഫയൽ പൊടിതട്ടിയെടുത്തത്.

നഗരസഭയുടെ വിശദമായ പദ്ധതി റിപ്പോർട്ട് അംഗീകരിച്ചാൽ കിഫ്ബിയുടെ എൻജിനിയറിംഗ് വിഭാഗം സ്ഥലംസന്ദർശിച്ച് വിശദമായ രൂപരേഖ തയ്യാറാക്കി കെട്ടിടം നിർമ്മിക്കും. വീണ്ടും കാലതാമസമുണ്ടായാൽ കേരള അർബൻ റൂറൽ ഡെവലപ്‌മെന്റ് ഫൈനാൻസ് കോർപ്പറേഷനെത്തന്നെ ആശ്രയിക്കേണ്ടിവരും. എം.ഒ. ജോൺ ചെയർമാനായ ഭരണസമിതി ഏറ്റവും മുൻഗണന നൽകുന്ന പദ്ധതിയാണിത്. കിഫ്ബിയുടെയും കെ.യു.ആർ.ഡി.എഫിന്റെയും പേരിൽ വ്യാപാരികളെ ഇനിയും ദുരിതത്തിലാക്കരുതെന്നാണ് എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ ആവശ്യപ്പെടുന്നത്.