വൈപ്പിൻ: ശക്തമായ വേലിയേറ്റത്തെത്തുടർന്ന് ചെറായി അരയത്തിക്കടവ് വെള്ളത്തിലായി. രാമവർമ്മ യൂണിയൻ ഹൈസ്‌കൂളിന് കിഴക്കുഭാഗത്താണ് അരയത്തികടവ് റോഡ്. ഇപ്പോഴത്തെ എം.എൽ.എ എസ്. ശർമ്മ ഫിഷറീസ് വകുപ്പ് മന്ത്രിയായിരുപ്പോളാണ് ഹാർബർ ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ഫണ്ട് അനുവദിപ്പിച്ച് അരയത്തികടവ് റോഡ് നിർമ്മിച്ചതും കരിങ്കൽചിറ കെട്ടിയതും. എന്നാൽ റോഡ് നിർമ്മിച്ച സ്ഥലം താഴ്ന്നതിനാലും പുനർനിർമ്മാണം നടക്കാത്തതിനാലും റോഡും ചിറയും താഴ്ന്നുപോയി. വേലിയേറ്റ സമയത്ത് മൂന്നടിയോളം ഉയരത്തിൽ ചിറയിലും വീടുകളിലും ഓരുവെള്ളം കയറുകയാണ്. വീടുകൾ ഇരിക്കുന്ന പറമ്പുകളിൽ മലിനജലം കെട്ടിക്കിടന്ന് പകർച്ചവ്യാധികൾ പിടിപെടുന്ന സാഹചര്യവുമുണ്ട്.
സർക്കാർ സഹായപദ്ധതി പ്രകാരം നിർമ്മിച്ചിട്ടുള്ള പല വീടുകളും ജീർണാവസ്ഥയിലാണ്. ഫലവൃക്ഷങ്ങളും പച്ചക്കറികളും വെച്ചുപിടിപ്പിക്കാനുകുന്നില്ല. ചിറ മണ്ണിട്ട് പൊക്കി ഓരുവെള്ളം കയറാത്ത രീതിയിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അരയത്തിക്കടവ് റോഡും പാരലൽ റോഡും പുനർനിർമ്മിക്കണം.