കളമശേരി: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം ആരംഭിച്ചു. കോർപറേറ്റ് അനുകൂല കാർഷിക നിയമങ്ങളും ലേബർ കോഡുകളും പിൻവലിക്കുക, വൈദ്യുതി ഭേദഗതി ബിൽ, സ്വകാര്യവത്കരണം എന്നിവ ഒഴിവാക്കുക, തൊഴിലുറപ്പു ദിനങ്ങൾ കൂട്ടുക, ദിവസ വേതനം വർദ്ധിപ്പിക്കുക, പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
പി.ആർ.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ സെക്രട്ടറി കെ.ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ്, സി.കെ.മണിശങ്കർ ,സി.കെ .പരീത്, എ.ജി.ഉദയകുമാർ, തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കലാ പരിപാടികളും ഉണ്ടായിരുന്നു. സായാഹ്ന പൊതുയോഗം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.രാജീവ് ഉദ്ഘാടനം ചെയ്തു. അഡ്വ.മുജീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം.ടി. കവലയിൽ നടക്കുന്ന രാപ്പകൽ സമരം ഇന്ന് വൈകീട്ട് 5 മണിക്ക് സമാപിക്കും.