കൊച്ചി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ശ്രീപാർവതീദേവിയുടെ നടതുറപ്പ് മഹോത്സവം നാളെ സമാപിക്കും. നാളെ ഉച്ചവരെ മാത്രമേ വെർച്വൽ ക്യൂ വഴിയുള്ള പ്രവേശനമുള്ളൂ. രാത്രി എട്ടിന് ദേവിയുടെ നട അടയ്ക്കുന്നതോടുകൂടി ഈ വർഷത്തെ നടതുറപ്പ് മഹോത്സവം പൂർത്തിയാകും.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കരുതലിന്റെ പുതിയൊരു 'തിരുവൈരാണിക്കുളം മാതൃക' സൃഷ്ടിച്ചു ക്ഷേത്ര ട്രസ്റ്റ്.
ലക്ഷക്കണക്കിന് ഭക്തർ എത്തിച്ചേരുന്ന ഉത്സവം ആയിരങ്ങളിലേക്ക് ഒതുങ്ങിയെങ്കിലും കൂടുതൽ കരുതൽ വേണ്ടിയിരുന്ന നടതുറപ്പ് ഉത്സവമായിരുന്നു ഇത്തവണത്തേത്. ഭക്തരെ ദർശനത്തിന് എത്തിക്കുന്നതിലും കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിലും ദർശനത്തിന് എത്താൻ കഴിയാത്ത ഭക്തർക്ക് വഴിപാടുകൾ നടത്തുന്നതിന് ബദൽ സംവിധാനം ഒരുക്കുന്നതിലുമെല്ലാം കൃത്യമായ ആസൂത്രണമാണ് ക്ഷേത്ര ട്രസ്റ്റ് നടത്തിയത്.

ദർശനം വെർച്വൽ ക്യൂ മാത്രമാക്കിയതോടെ തിരക്ക് ഒഴിവാക്കി. പ്രതിദിനം 1500 പേരെ പ്രവേശിപ്പിക്കാനുള്ള അനുമതിയാണ് ലഭിച്ചിരുന്നതെങ്കിലും അതിലേറെ ഭക്തരെ ഉൾക്കൊള്ളാനുള്ള സംവിധാനങ്ങൾ ക്ഷേത്ര ട്രസ്റ്റ് ഒരുക്കിയിരുന്നു.
ക്ഷേത്രത്തിലേക്കുള്ള നടപ്പന്തലിൽ പ്രവേശിക്കും മുൻപു തന്നെ വെർച്വൽ ക്യൂ വെരിഫിക്കേഷനും തെർമൽ സ്‌കാനിംഗിനും വഴിപാട് കൗണ്ടറും സജ്ജീകരിച്ചിരുന്നതിനാൽ ആൾക്കൂട്ടവും സമ്പർക്കവും ഒഴിവാക്കാനായി. ക്യൂവിൽ കൃത്യമായ അകലത്തിൽ അടയാളപ്പെടുത്തിയ വൃത്തങ്ങളിൽ ഭക്തരെ നിർത്തുന്നതിനും ശരിയായ വിധത്തിൽ മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാർ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. സാനിറ്റൈസറും സോപ്പും അടക്കമുള്ള സൗകര്യങ്ങളും ഒരുക്കി.
ഭക്തരുമായി ഇടപഴകുന്ന ക്ഷേത്ര ജീവനക്കാരും വാളിണ്ടിയേഴ്‌സും സെക്യൂരിറ്റി ജീവനക്കാരും കൈയ്യുറകളും ഫെയ്‌സ് ഷീൽഡും നിർബന്ധമാക്കി.