അങ്കമാലി: ജില്ലയിലെ വാക്‌സിൻ വിതരണത്തിനുള്ള മുന്നൊരുക്കങ്ങളും നടപടിക്രമങ്ങളും പരിശോധിക്കുന്നതിനായുള്ള ഡ്രൈറണിന്റെ ഭാഗമായി അങ്കമാലി താലൂക്ക് ആശുപത്രിയിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.സൂപ്പർവൈസർമാർ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ,ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്കായിരുന്നു ക്ലാസ്.ഡോ.ശിവദാസ്,ഡോ.പ്രതാപൻ,ഡോ.നസീമ നജീബ്, ഡോ.അനിത കൃഷ്ണ, ഡോ.അനുരൂപ് ജോസഫ്,ഡോ.ശ്രീദേവി,വെശാഖ് എന്നിവർ ക്ലാസെടുത്തു.അങ്കമാലി താലൂക്ക് ആശുപത്രി, ചെങ്ങമനാട് സാമൂഹികാരോഗ്യ കേന്ദ്രം, കളമശ്ശേരി കിൻഡർ ആശുപത്രി എന്നീ മൂന്ന് കേന്ദ്രങ്ങളിലാണ് ഡ്രൈ റൺ നടക്കുക.രാവിലെ ഒമ്പതിന് തുടങ്ങി 11-ന് അവസാനിക്കുന്ന രീതിയിലാണ് ഡ്രൈ റൺ സജ്ജീകരിച്ചിരിക്കുന്നത്.കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽ നിന്ന് 25 ആരോഗ്യ പ്രവർത്തകളാണ് ഓരോ കേന്ദ്രത്തിലും ഡ്രൈ റണ്ണിൽ പങ്കെടുക്കുന്നത്. വാക്‌സിൻ വിതരണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട നടപടിക്രമങ്ങളും സൗകര്യങ്ങളും ഫലപ്രദമാണോയെന്ന് പരിശോധിക്കുകയാണ് ഡ്രൈ റണിന്റെ ലക്ഷ്യം.കുത്തിവയ്പ്പ് ഒഴികെയുള്ള എല്ലാ നടപടിക്രമങ്ങളും പാലിക്കും.