ആലുവ: ശരിയായി കാന നവീകരിക്കാത്തതിനെ തുടർന്ന് ഇന്നലെ രാത്രിയുണ്ടായ ചെറുമഴയിൽ ആലുവ മാർക്കറ്റ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ബാങ്ക് ജങ്ഷൻ മുതൽ സ്വകാര്യ ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗത്താണ് വെള്ളക്കെട്ടുണ്ടായത്. സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്ത് കൂടിയുള്ള വലിയ കാനയിലൂടെയാണ് ഈ ഭാഗത്തെ വെള്ളം പുറത്തേക്ക് ഒഴുകുന്നത്. ഇവിടെ മാലിന്യങ്ങൾ അടിഞ്ഞു കൂടുന്നതാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്. ഇതിന് സമീപത്തായി ടയറ് അറ്റകുറ്റപ്പണി നടത്തുന്ന വർക്ക്‌ഷോപ്പുകളുണ്ട്. നിരവധി തവണ കാനയിൽ നിന്ന് ടയറുകൾ ജെ.സി.ബി. ഉപയോഗിച്ച് കോരി മാറ്റിയിട്ടുണ്ട്.
വെള്ളം ഉയർന്നതിനെ തുടർന്ന് മാർക്കറ്റ് റോഡ് പൂർണമായും വെള്ളത്തിൽ മുങ്ങി. സമീപത്തെ കടകളിലേക്കും വെള്ളം കയറി. ഒറ്റമഴയിൽ റോഡ് മുങ്ങി കടകളിലേക്ക് വെള്ളം കയറുന്നത് കൊണ്ട് വ്യാപാരികളും ദുരിതത്തിലാണ്. വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം കാണണമെന്നാണ് അവരുടെ ആവശ്യം.