കൊച്ചി: രണ്ടുകോടിരൂപയുടെ തട്ടിപ്പു നടത്തിയ കേസിൽ ഖത്തർ കോടതി മൂന്നുവർഷം തടവിനു ശിക്ഷിച്ച ആലുവ സെമിനാരി റോഡ് കാച്ചപ്പിള്ളി വീട്ടിൽ ബിജോയ് ജോസഫിനെതിരെ റെഡ് കോർണർ നോട്ടീസ് നിലവിലുണ്ടെങ്കിൽ അറസ്റ്റുചെയ്യാൻ സി.ബി.ഐയുടെ ഇന്റർപോൾ വിഭാഗത്തിനും ഇയാളെ പിടികൂടുന്നതിന് സഹായിക്കാൻ കേരള പൊലീസിനും ഹൈക്കോടതി നിർദേശം നൽകി. ഖത്തറിൽ ഒരുമിച്ചു ബിസിനസ് നടത്തിയിരുന്ന ആലുവ സ്വദേശി റോബിൻ പൈലിയുടെ പരാതിയിലാണ് ഖത്തറിലെ കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്.

ഖത്തറിൽ ഒരുമിച്ച് ബിസിനസ് നടത്തിയിരുന്ന റോബിന്റെ പക്കൽനിന്ന് രണ്ടുകോടി രൂപ (ഒമ്പതു ലക്ഷം ഖത്തർ റിയാൽ) കടം വാങ്ങി വണ്ടിച്ചെക്ക് നൽകി തട്ടിപ്പു നടത്തിയശേഷം ബിജോയ് നാട്ടിലേക്ക് മുങ്ങിയെന്നാണ് കേസ്. ഇയാളെ കണ്ടെത്താൻ ഖത്തർ പൊലീസ് ഇന്റർപോൾ വഴി 2017 നവംബർ 12 ന് ഇന്റർനാഷണൽ വാറന്റ് പുറപ്പെടുവിച്ചിരുന്നു. മൂന്നു വർഷം കഴിഞ്ഞിട്ടും ഇതു നടപ്പാക്കിയില്ലെന്നാരോപിച്ച് റോബിൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ നിർദേശം.