driving-school

കൊച്ചി: ലേണേഴ്‌സിന്റെ കാലാവധി മാർച്ച് വരെ ഉയർത്തി. എന്നിട്ടും ഡിസംബർ വരെ ലേണേഴ്സ് പാസയവർ കാത്തിരിക്കുന്നു, ഡ്രൈവിംഗ് ടെസ്റ്റിനായി. സർക്കാർ ലേണേഴ്സിന്റെ കാലാവധി നീട്ടിയത് സർവറുകളിൽ രേഖപ്പെടുത്തിയിട്ടില്ല. ഇതാണ് ആളുകളെയും ഡ്രൈവിംഗ് സ്കൂളുകളേയും ഒരു പോലെ വലച്ചിരിക്കുന്നത്. നിലവിൽ ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് തീയതി എടുക്കാനാകാത്ത സ്ഥിതിയാണ്. ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് മറ്റ് തൊഴിൽമേഖലകളുടെ പ്രവർത്തനം പൂർവസ്ഥിതിയിലായിട്ടും ഡ്രൈവിംഗ് സ്‌കൂളുകളുടെ ദുരിതം ഒഴിയുന്നില്ല.

ഇത് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ സാമ്പത്തികമായി ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.

മാസങ്ങൾ നീണ്ടു കിടക്കുന്ന ലേണേഴ്‌സ് പരീക്ഷയും ഡ്രൈവിംഗ് ടെസ്റ്റുകളിലെ കാലതാമസവും ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവർത്തനങ്ങൾ ഇതിനോടകം പ്രതിസന്ധിയിലാക്കിക്കഴിഞ്ഞു.പുതിയതായി മൂന്നു മാസം മുമ്പ് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് പോലും ഇതുവരെ ലേണേഴ്‌സ് ടെസ്റ്റ് നടത്തിയിട്ടില്ല. ലേണേഴ്‌സ് പാസായവർക്ക് ഫെബ്രുവരി അവസാനത്തെ തീയതികളാണ് ഡ്രൈവിംഗ് ടെസ്റ്റിനായി ലഭിച്ചിട്ടുള്ളത്. സെപ്തംബർ 14നാണ് ഡ്രൈവിംഗ് സ്കൂളുകൾ വീണ്ടും തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽതിയത്. എന്നാൽ ലോക്ക്ഡൗണിനുമുമ്പ് ലേണേഴ്‌സ് ലൈസൻസ് എടുത്തവർക്കും ടെസ്റ്റിൽ പരാജയപ്പെട്ടവർക്കും മാത്രമാണ് ആദ്യഘട്ടത്തിൽ ഡ്രൈവിംഗ് ടെസ്റ്റിന് അനുമതി നൽകിയിരുന്നത്. ഡിസംബർ വരെ ഇവർക്ക് ഡ്രൈവിംഗ് ടെസ്റ്റിന് അവസരം നൽകിയിരുന്നെങ്കിലും പൂർത്തിയാക്കാനായില്ല. ഇതോടെയാണ് ആറു മാസമായിരുന്ന ലേണേഴ്‌സിന്റെ കാലാവധി മാർച്ച് വരെ നീട്ടിയത്. ലോക്ക്ഡൗണിന് മുമ്പ് 60 പേർക്ക് പ്രതിദിനം അവസരം നൽകിയിരുന്നെങ്കിലും കൊവിഡ് മാനദണ്ഡത്തെ തുടർന്ന് 30 പേർക്കാണ് ടെസ്റ്റിന് അവസരം നൽകുന്നത്.


അടിക്കടി പണിമുടക്കുന്ന സർവർ

ലോക്ക് ഡൗണിന് മുമ്പ് തന്നെ സർവർ അടിക്കടി പണിമുടക്കിയിരുന്നു. ഇതോടെ തീയതി എടുക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടു.നിലവിലെ സ്ഥിതിയും സമാനമാണ്. ഡ്രൈവിംഗ് സ്‌കൂൾ വഴിയാണ് ലേണേഴ്‌സിന് അപേക്ഷകർ അപേക്ഷ നൽകുന്നത്. ഇപ്പോൾ ടെസ്റ്റ് നടത്തുന്നത് ഓൺലൈനായാണ്. കമ്പ്യൂട്ടറും ലാപ്‌ടോപ്പും ഉപയോഗിക്കാൻ അറിയാത്തവരുണ്ടെന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇവർ പലപ്പോഴും ടെസ്റ്റിൽ പരാജയപ്പെടുന്ന അവസ്ഥയാണ്. ലേണേഴ്‌സ് ടെസ്റ്റിനു പാസവേഡ് എന്റർ ചെയ്ത് കഴിഞ്ഞാൽ പലപ്പോഴും കട്ടായി പോകുന്നു. പിന്നീട് ഇവർക്ക് പുതിയ ഡേറ്റ് ലഭിക്കാൻ ആഴ്ചകൾ കാത്തിരിക്കണം.


സർക്കാർ നടപടി സ്വീകരിക്കണം:
ഡ്രൈവിംഗ് ടെസ്‌റ്റുകൾ കാര്യക്ഷമമായി നടപ്പിലാക്കാൻ സർക്കാർ കാര്യക്ഷമമായ നടപടി സ്വീകരിക്കണം. സർവറിൽ തീയതി നീട്ടി നൽകുന്നതിനോടൊപ്പം തന്നെ ലോക്ക്ഡൗണിന് മുമ്പുണ്ടായിരുന്ന അപേക്ഷകൾ അടിയന്തിരമായ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുകയാണ് വേണ്ടത്.
കെ.എസ്. ചെറിയാൻ
സെക്രട്ടറി
ആൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ അസോസിയേഷൻ