കൊച്ചി:വടുതലയോട് അടുത്ത കിടക്കുന്ന ചേരാനല്ലൂർ പഞ്ചായത്തിൽ പെട്ട കുറങ്കോട്ട ദ്വീപിൽ കൊവിഡ് പടർന്നുപിടിക്കുന്നു. നിലവിൽ 28 പേർ കൊവിഡ് പൊസിറ്റീവാണ്. ദ്വീപിൽ ആകെ ഉള്ളത് 88 കുടുംബങ്ങളാണ്. ഇതിൽ ഒട്ടുമിക്ക വീടുകളിലും കൊവിഡ് എത്തിക്കഴിഞ്ഞു. ഇവിടം കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചതോടെ ദ്വീപുകാരുടെ ഏക ആശ്രയമായ കടത്തുവഞ്ചി പൊലീസുകാർ കെട്ടിയിട്ടു. പത്താം വാർഡായ കുറങ്കോട്ട ദ്വീപിന് വേണ്ടി സൗജന്യ യാത്ര സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്താണ്. ദ്വീപിന് പുറത്തേക്കുള്ള യാത്ര തടയുന്നതിനാണ് വഞ്ചി കെട്ടിയിട്ടത്. .
സർക്കാർ ,സ്വകാര്യ,ജീവനക്കാരും വിവിധ മേഖലകളിൽ പണിയെടുത്തിരുന്ന തൊഴിലാളികളും അതോടെ വീട്ടിലിരുപ്പായി. എന്നാൽ സ്വന്തമായി വഞ്ചിയുള്ളവർ നിരോധനം മാനിക്കാതെ പുറത്തിറങ്ങിയതോടെ അധികൃതർ വലഞ്ഞു. അവശ്യസാധനങ്ങൾ വാങ്ങണമെങ്കിൽ കായൽ കടന്ന് വടുതലയിലെത്തണം. വഞ്ചി പിടിച്ചെടുക്കുന്നത് അപ്രായോഗികമായതിനാൽ പൊലീസിന്റെ അഭ്യർത്ഥനപ്രകാരം ബോധവത്കരണത്തിനായി ടി.ജെ.വിനോദ് എം.എൽ.എ നേരിട്ടെത്തി. ദ്വീപ് നിവാസികൾക്ക് അരിയും 15 ഓളം വരുന്ന മറ്റ് അവശ്യ സാധങ്ങളും അടങ്ങുന്ന കിറ്റ് അദ്ദേഹം സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേഷ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജു അഴികക്കത്ത് എന്നിവരും എം.എൽ.എ യോടൊപ്പം ഉണ്ടായിരുന്നു.
പുതുവർഷത്തിലാണ് കൊവിഡ് ദ്വീപിൽ വരവറിയിച്ചത്. പശുവിന് കാടിയെടുക്കുന്നതിനായി എല്ലാ വീടുകളിലുമെത്തിയ സ്ത്രീയാണ് രോഗവാഹക എന്ന് സംശയിക്കുന്നു. പഞ്ചായത്ത് കടത്തിലും ഇവർ യാത്ര ചെയ്തിരുന്നു. ഈ സ്ത്രീ കൊവിഡ് പൊസിറ്റീവാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. 2 ന് ദ്വീപിൽ ആരോഗ്യപ്രവർത്തകർ നടത്തിയ ക്യാമ്പിൽ 20 പേരെ പരിശോധിച്ചപ്പോൾ അതിൽ 10 പേർ പൊസിറ്റീവായി. തൊട്ടടുത്ത ദിവസങ്ങളിലും രോഗികളുടെ എണ്ണം വർദ്ധിച്ചു. ഇന്നലെ നാലു പേർ പൊസിറ്റിവായി.
കഴിഞ്ഞ ദിവസം മുതൽ വൈകിട്ട് 3 മുതൽ 6 വരെയുള്ള സമയത്ത് സ്വകാര്യ വഞ്ചിക്കാർക്ക് യാത്രാനുമതി നൽകിയിട്ടുണ്ടെന്ന് വാർഡ് മെമ്പർ വിൻസി പറഞ്ഞു.