ആലുവ: റോട്ടറി ക്ലബ്ബ് ഒഫ് കൊച്ചിൻ ബീറ്റ്‌സ് ആലുവ ജില്ലാ ആശുപത്രിക്ക് നൽകുന്ന ഏഴര ലക്ഷം രൂപയുടെ ആശുപത്രി ഉപകരണങ്ങൾ ആസ്പിൻ വാൾ ചീഫ് ഫൈനാൻസ് ഓഫീസർ ടി.ആർ. രാധാകൃഷ്ണൻ ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരിക്ക് കൈമാറി.
നിലവിൽ കൊവിഡ് ആശുപത്രികളായ കളമശ്ശേരി മെഡിക്കൽ കോളേജും പി.വി.സ് ആശുപത്രിയും കൊവിഡ് പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിനാൽ ആലുവ ജില്ലാ ആശുപത്രിയിൽ സ്ത്രീകളുടേയും കുട്ടികളുടേയും വാർഡുകൾ സ്ഥിതി ചെയ്യുന്ന ബ്ലോക്ക് കൊവിഡ് ആശുപത്രിയാക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവായിരുന്നു. ഇതിനായി 80 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ജനുവരി 31നു പൂർത്തീകരിക്കും. അത്യാസന്ന നിലയിലെ കൊവിഡ് രോഗികളെ വെന്റിലേറ്റർ അടക്കമുള്ള
സൗകര്യങ്ങളോടെ ചികിത്സിക്കാൻ സൗകര്യമൊരുക്കും. കൊവിഡ് രോഗികൾക്കായി പ്രത്യേകം പ്രവേശന കവാടവും വഴിയും തയ്യാറാക്കും.
കൊവിഡ് രോഗികൾക്ക് അടിയന്തിര ശസ്ത്രക്രിയക്കുള്ള സംവിധാനവും കൊവിഡ് പോസിറ്റീവായ ഗർഭിണികൾക്ക് പ്രത്യേക ലേബർ റൂമും ഉണ്ടാകും.
ആശുപത്രിയിലെ ലേബർ വാർഡ് നവീകരിച്ച് പുതിയ മാതൃ ശിശു സംരക്ഷണ ബ്ലോക്ക് നിർമിക്കുവാൻ 1. 8 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.മാത്യൂസ് നുമ്പേലി അറിയിച്ചു.
കൊവിഡ് ചികിത്സക്കായി നേരത്തെ അൻവർ സാദത്ത് എം.എൽ.എ ഒരു കോടി പതിനഞ്ച് ലക്ഷം രൂപയും ബെന്നി ബഹനാൻ എം.പി. 15 ലക്ഷം രൂപയും വെൻറിലേറ്ററും മറ്റ് ഉപകരണങ്ങൾ വാങ്ങുന്നതിന് വേണ്ടി അനുവദിച്ചിരുന്നു.
കൊവിഡ് ആശുപത്രിയിലേക്കുള്ള ഉപകരണങ്ങളുടെ കൈമാറൽ ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷത വഹിച്ചു.
അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബിന്റെ ഗ്ലോബൽ ഗ്രാന്റ് പദ്ധതിയിൽപ്പെടുത്തി ഒരു ലക്ഷം ഡോളർ ചെലവഴിച്ച് വെന്റിലേറ്ററ്റുകളും അനുബന്ധ സൗകര്യങ്ങളും രണ്ട് മാസങ്ങൾക്കുള്ളിൽ ആലുവ ജില്ലാ ആശുപത്രിക്ക് കൈമാറുമെന്ന് റോട്ടറി ക്ലബ്ബ് ഒഫ് ഡിസ്ട്രിക് ഗവർണർ ജോസ് ചാക്കോ അറിയിച്ചു.