തൃക്കാക്കര : കളമശേരി സർക്കാർ മെഡിക്കൽ കോളേജിൽ ഹൗസ് സർജന്മാരും വിദ്യാർത്ഥികളും നടത്തുന്ന സമരം ജില്ലാ കളക്ടർ എസ്.സുഹാസിന്റെ ഇടപെടലിനെ തുടർന്ന് പിൻവലിച്ചു. വിദ്യാർത്ഥി പ്രതിനിധികളുമായും ഹൗസ് സർജൻ പ്രതിനിധികളുമായും നടത്തിയ ചർച്ചയെ തുടർന്നാണ് സമരത്തിന് പരിഹാരമായത്.കഴിഞ്ഞ മാർച്ച് മാസം മുതൽ സമ്പൂർണ കൊവിഡ് ഹോസ്പിറ്റൽ ആയതിനാൽ പഠന സൗകര്യം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ സമരം ആരംഭിച്ചത്. ആലുവ ജില്ലാ ആശുപത്രിയിൽ കൊവിഡ് ചികിത്സക്കായുള്ള കൂടുതൽ സൗകര്യങ്ങൾ പൂർത്തിയാകുന്നതോടെ മെഡിക്കൽ കോളേജിലെ ഐ.പി. പുനരാരംഭിക്കാൻ കഴിയുമെന്ന് കളക്ടർ യോഗത്തിൽ അറിയിച്ചു.
ഇത് മെഡിക്കൽ കോളേജിലെ കൊവിഡ് രോഗികളുടെ തിരക്ക് കുറക്കാൻ സാധിക്കും. ആലുവ ആശുപത്രിയുടെ നവീകരണത്തിനായി എസ്.ഡി.ആർ.ഫണ്ടിൽ നിന്നും 35 ലക്ഷം രൂപയും എൻ.എച്ച്.എം ഫണ്ടിൽ നിന്നും 45 ലക്ഷം രൂപയും നൽകും. ജനുവരി 31 നുള്ളിൽ കൊവിഡ് രോഗികൾക്കായി 100 ഓക്സിജൻ കിടക്കകൾ ഉൾപ്പെടുന്ന വിപുലമായ ബ്ലോക്ക് പ്രവർത്തനം ആരംഭിക്കാൻ കഴിയും. ആലുവയിൽ പ്രവർത്തനസജ്ജമാകുന്നതോടെ കളമശ്ശേരി ആശുപത്രി പഴയ രീതിയിൽ പ്രവർത്തനം പുനരാരംഭിക്കാൻ കഴിയുമെന്നും കളക്ടർ പറഞ്ഞു. എമർജൻസി എ.പി. സർവീസ് ഉടൻ ആരംഭിക്കാൻ കഴിയുമെന്നും കളക്ടർ അറിയിച്ചു.വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് കമിറ്റി രൂപീകരിക്കാനും കളക്ടർ നിർദ്ദേശിച്ചു. ആർ.എം.ഒ ഡോ.ഗണേഷ് കുമാർ, ആശുപത്രി സൂപ്രണ്ട് പീറ്റർ വാഴയിൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു.