കൂത്താട്ടുകുളം:പിറവം നിയോജകമണ്ഡലത്തിലെ 8 ഗ്രാമപഞ്ചായത്തുകളിലെയും ശുദ്ധജലം ലഭിക്കാത്ത വീടുകളിൽ ശുദ്ധജലം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് അനൂപ് ജേക്കബ് എം.എൽ.എപറഞ്ഞു. ജൽ ജീവൻ മിഷന്റെ ഭാഗമായി പിറവം നിയോജകമണ്ഡലത്തിലെ തിരുമാറാടി ഗ്രാമപഞ്ചായത്തിലെ നാലു സെന്റ് കോളനിയിൽ കുടിവെള്ള കണക്ഷൻ നല്കി സംസാരിക്കുകയായിരുന്നു എം.എൽ.എ. 15 വീടുകൾക്കും ഒരു അങ്കണവാടിക്കുമാണ് ഇന്ന് കണക്ഷൻ നല്കിയത്. ജല ജീവൻ മിഷനിൽ ഉൾപ്പെടുത്തിയാണ് ഇതിനുള്ള നടപടി സ്വീകരിച്ചു വരുന്നത്. 8 പഞ്ചായത്തുകളിലായി ഇനി 26,600ഓളം വീടുകൾക്കാണ് വാട്ടർ കണക്ഷൻ കിട്ടാനുള്ളത്. ഇതിൽ 8500ഓളം വീടുകൾക്ക് 2020-21സാമ്പത്തിക വർഷം വാട്ടർ കണക്ഷൻ ലഭ്യമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാർ ഫണ്ടും, തദ്ദേശ ഫണ്ടും,എം.എൽ.എയുടെ പിറവം നിയോജകമണ്ഡലം ഫണ്ടുമാണ് ഇതിനായി ഉപയോഗിക്കുന്നത്. 2024ന് മുൻപ് എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമൾ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ലളിതാ വിജയൻ, പഞ്ചായത്ത് അംഗം ആലീസ് ബിനു,അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ സാബു തോമസ്, അസിസ്റ്റന്റ് എൻജിനീയർ ഡിനു പൌലോസ് തുടങ്ങിയർ പങ്കെടുത്തു.