കൊച്ചി: പിറന്നാൾ ദിനത്തിൽ കുടുംബസമേതം കൊല്ലൂർ മൂകാംബികാ ദേവിയെ ദർശിക്കുന്ന തന്റെ പതിവ് തെറ്റുന്നതിന്റെ സങ്കടത്തിലാണ് ഗാനഗന്ധർവൻ യേശുദാസ്. കൊവിഡ് സാഹചര്യം കാരണമാണ് 81-ാം പിറന്നാൾ ദിനം അദ്ദേഹത്തിന് മൂകാംബികയിലെത്താൻ കഴിയാത്തത്. 48 വർഷമായി തുടരുന്ന പതിവാണ് ഇത്തവണ തെറ്റുന്നത്.
പത്താംതീയതിയാണ് പിറന്നാൾ. ഇത്തവണ അമ്മയുടെ തിരുനടയിലെത്താനാവില്ലെന്ന 'സങ്കടരാഗം" യു.എസിൽ ഡാളസിലുള്ള യേശുദാസ് സുഹൃത്തും ഗാനരചയിതാവുമായ ആർ.കെ. ദാമോദരനുമായാണ് പങ്കുവച്ചത്.
10ന് ജന്മദിനവും 13ന് പിറന്നാളും (ഉത്രാടം നക്ഷത്രം) അടുത്തടുത്ത് വരുന്നതിനാൽ ഈ ദിവസങ്ങളിൽ മൂകാംബികയിലുണ്ടാകണമെന്ന ആഗ്രഹം രണ്ടുമാസം മുമ്പ് വിളിച്ചപ്പോൾ അദ്ദേഹം ദാമോദരനുമായി പങ്കുവച്ചിരുന്നു.
ക്ഷേത്രത്തിലെത്താനാവില്ലെങ്കിലും ദമ്പതീസമേതം ചെയ്യേണ്ട ചണ്ഡികാഹോമം ഒഴിച്ചുള്ള പിറന്നാൾ പൂജാകർമങ്ങളെല്ലാം നടത്താൻ ക്ഷേത്രത്തിലെ മുഖ്യ അർച്ചകൻ ഗോവിന്ദ അഡിഗയെ ഏൽപ്പിച്ചിട്ടുണ്ട്.
പിറന്നാൾ ദിനത്തിൽ യേശുദാസ് ഡാളസിലെ വീട്ടിലെ പൂജാമുറിയിൽ വിളക്ക് കൊളുത്തി ജപധ്യാന ഗാനാരാധനയും പ്രാർത്ഥനാനിരതനായി മനസിൽ ദേവീക്ഷേത്ര ദർശനവും നടത്തും. മാർച്ചിൽ നാട്ടിലെത്തും. പിറന്നാളിനോടനുബന്ധിച്ച് സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള മൂകാംബികാ സംഗീതോത്സവം ഇത്തവണയുമുണ്ടാവും.