pinappil

കൊച്ചി: ഡൽഹിയിലെ അതിശൈത്യത്തിലും വിറക്കാത്ത കർഷകസമരം കേരളത്തിലെ പൈനാപ്പിൾ കൃഷിയെ

പ്രതിസന്ധിയിലാക്കി. സംഘർഷഭൂമിയിലേക്ക് ലോഡുകയറ്റി പോകാൻ ട്രക്ക്ഡ്രൈവർമാർ തയ്യാറാകത്തതുകാരണം കേരളത്തിൽ നിന്നുള്ള ചരക്കുനീക്കം മുടങ്ങിയതാണ് പ്രതിസന്ധിക്ക് കാരണം. വിപണി കുറഞ്ഞതോടെ വില കുത്തനെ ഇടിയുകയും ചെയ്തു. എ-ഗ്രേഡ് പൈനാപ്പിളിന് 10-11 രൂപയാണ് ഇപ്പോഴത്തെ ശരാശരി വില. 22-23 രൂപ കിട്ടിയാൽ മാത്രം മുതലാകുന്ന ഉത്പന്നത്തിനാണ് 50 ശതമാനത്തിലും താഴേക്ക് കൂപ്പുകുത്തിയത്.

സമരം തുടങ്ങുന്നതിന് മുമ്പ് ദിവസം ശരാശരി 200 ടൺവീതം പൈനാപ്പിളാണ് വാഴക്കുളം മാർക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് കയറ്റി അയച്ചിരുന്നത്. ഇത് പൂർണമായും മുടങ്ങിയതോട മാർക്കറ്റിലും തോട്ടത്തിലും സമ്മർദ്ദമേറി. നിശ്ചിദിവസത്തിനകം വിളവെടുത്തില്ലെങ്കിൽ പഴങ്ങൾ തോട്ടത്തിൽ കിടന്ന് നശിക്കും. വിളവെടുത്താൽ വിറ്റഴിക്കാനാവാതെ മാർക്കറ്റിൽ കെട്ടിക്കിടന്നും നശിക്കും. സൂക്ഷിച്ചുവച്ച് ഉപയോഗിക്കനാവാത്ത ഉത്പന്നമായതുകൊണ്ട് കിട്ടുന്ന വിലയ്ക്ക് വിൽക്കാൻ കർഷകർ നിർബന്ധിതരാവുകയാണ്. സംസ്ഥാനത്തെ ചില്ലറ വില്പനകേന്ദ്രങ്ങൾ മാത്രമാണ് ഇപ്പോഴത്തെ ആശ്രയം. സാധാരണ ഡിസംബർ, ജനുവരി മാസങ്ങൾ ശബരിമല തീർത്ഥാടനകാലമായതുകൊണ്ട് പൈനാപ്പിൾ കർഷകർക്ക് പ്രതീക്ഷയേകുന്ന സീസനായിരുന്നു. ഇത്തവണ ശബരിമലയും തുണച്ചില്ല. കൊവിഡ് കാലത്ത് അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതോടെ പൈനാപ്പിൾ കൃഷിയും പരിചരണവും കടുത്തപ്രതിസന്ധിയിലായിരുന്നു. അതൊക്കെ അതിജീവിച്ച് വിളവെടുത്തപ്പോൾ വിലയും വിപണിയും ഇല്ലാതായത് കർഷകരെ സംബന്ധിച്ച് കനത്തപ്രഹരമായിരിക്കുകയാണ്. പൈനാപ്പിൾ ശാസ്ത്രിയമായി സംസ്കരിക്കുന്നതിനും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിനുമായി ഒരു കേന്ദ്രം വാഴക്കുളത്ത് ആരംഭിച്ചെങ്കിലും അതിന്റെ പ്രവർത്തനവും മുടങ്ങിയിട്ട് വർഷങ്ങളായി. ദിവസം 50 ടൺ പഴം സംസ്കരിക്കാൻ ശേഷിയുള്ളതായിരുന്നു ഈ സ്ഥാപനം. ഇതിന്റെ പ്രവർത്തനം കാര്യക്ഷമമായാൽ നിലവിലെ പ്രതിസന്ധിയിൽ കുറച്ചെങ്കിലും ആശ്വാസമാകുമായിരുന്നുവെന്നാണ് കർഷകർ പറയുന്നത്. കർഷകർ തുടർച്ചയായി വെല്ലുവിളികൾ നേരിടുമ്പോൾ സർക്കാർ സംവിധാനങ്ങൾ ഫലപ്രദമായി ഇടപെടുന്നില്ലെന്നാണ് കർഷകരുടെ പൊതുവെയുള്ള പരാതി. കൃഷി നഷ്ടത്തിലായതിനെത്തുടർന്ന് കൊവിഡ് കാലത്ത് ആത്മഹത്യ ചെയ്ത പൈനാപ്പിൾ കർഷകന്റെ കുടുംബത്തിന് സർക്കാർ ചില ആശ്വാസപദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും നാളിതുവരെ ഒന്നും നടപ്പിലായില്ല.

'ആയിരക്കണക്കിന് കർഷകൾ പ്രത്യക്ഷത്തിലും പതിനായിരക്കിന് ആളുകൾ പരോക്ഷമായും ആശ്രയിക്കുന്ന ഉപജീവനമാർഗമെന്ന നിലയിൽ കേരളത്തിലെ പൈനാപ്പിൾ കൃഷിക്കാരുടെ പ്രശ്നങ്ങളിൽ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണം'-

ഓൾ കേരള പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജെയിംസ് ജോർജ്