csm

കൊച്ചി: കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡിന് പൂർണ സഹകരണം നൽകുമെന്നും നഗരത്തിന്റെ വികസനം ലക്ഷ്യമിട്ട് എല്ലാ വകുപ്പുകളും ഏകോപിപ്പിച്ചു പ്രവർത്തിക്കുമെന്നും മേയർ അഡ്വ. എം അനിൽ കുമാർ പറഞ്ഞു. സി.എസ്.എം.എൽ ഓഫീസിൽ നടന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി .എസ്.എം.എൽ നടപ്പിലാക്കുന്ന ലോകോത്തരമേന്മയുള്ള റോഡ് നവീകരണ പദ്ധതികൾ , സാംസ്‌ക്കാരിക പ്രവർത്തനങ്ങൾക്ക് ഉതകുന്ന പൊതുഇടങ്ങളുടെ നിർമ്മാണം, സോളാർ പ്ലാന്റുകൾ , ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ എല്ലാം തന്നെ കൊച്ചിക്കാരുടെ ജനജീവിതം സുഗമമാക്കുന്നതുമാണ്. പദ്ധതി കാലയളവ് തീരുന്നതിനു മുമ്പുതന്നെ പദ്ധതി പൂർത്തീകരണം നടത്താൻ സി .എസ്. എം .എല്ലിന് എല്ലാ വിധ സഹായ സഹകരണവും നൽകുമെന്നും മേയർ പറഞ്ഞു. എല്ലാ മാസവും രണ്ടു തവണ പദ്ധതി അവലോകനയോഗം നടത്തി പ്രശ്‌നങ്ങൾ അപ്പപ്പോൾ പരിഹരിച്ചും കോർപ്പറേഷനുകളിലെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു മീറ്റിംഗുകൾ നടത്തി പദ്ധതിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകണമെന്നും മേയർ പറഞ്ഞു. സി .എസ്. എം .എൽ എം.ഡി ജാഫർ മാലിക് , ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഓരോ പദ്ധതിയെക്കുറിച്ചും വിശദമായി ചർച്ച ചെയ്ത് പ്രശ്ങ്ങൾ എന്തൊക്കെയാണെന്ന് യോഗം വിലയിരുത്തി.