കുറുപ്പംപടി: എം.സി.റോഡിലുള്ള പുല്ലുവഴി ഡബിൾപാലം ഒറ്റപ്പാലമാക്കി നിർമ്മിക്കുവാൻ അനുമതി. സമഗ്രമായ സാങ്കേതിക പരിശോധനക്ക് ശേഷം പൊതുമരാമത്ത് പാലംവിഭാഗം ചീഫ് എൻജിനീയറാണ് പുതിയ പാലത്തിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ നിർദ്ദേശം നൽകിയത്. പരിസ്ഥിതി സംരക്ഷണ കർമ്മസമിതി ചെയർമാൻ വർഗീസ് പുല്ലുവഴി സമർപ്പിച്ച പരാതി പരിഗണിച്ച് മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിലവിലുള്ള രണ്ട് പാലങ്ങളും ഒന്നാക്കിപ്പണിയുന്നതിനുള്ള സാങ്കേതിക പരിശോധന നടത്താൻ നിർദ്ദേശിച്ചതിനെ തുടർന്നാണ് തീരുമാനം.മൂവാറ്റുപുഴ ഭാഗത്തേക്ക് പാലം കഴിഞ്ഞുള്ള കൊടുംവളവും അശാസ്ത്രിയമായ പാലംനിർമ്മാണവുമാണ് തുടർച്ചയായുള്ള അപകടങ്ങൾക്ക് കാരണമെന്നാണ് ചീഫ് എൻജിനീയറുടെ സ്ഥലപരിശോധനാറിപ്പോർട്ടിലും കണ്ടെത്തിയിട്ടുള്ളത്.എം.സി.റോഡ് പുനർനിർമ്മിച്ചപ്പോൾ കെ. എസ്. ടി.പി. പഴയപാലത്തോട് ചേർന്ന് പുതിയ പാലം നിർമ്മിച്ചതോടെയാണ് അപകടങ്ങൾ പെരുകാൻ തുടങ്ങിയത്.രണ്ട് പാലങ്ങളും തമ്മിൽ 1.40 മീറ്റർ അകലവും 2അടിയോളം ഉയരവ്യത്യാസവുമുണ്ട്.
അപകടങ്ങൾ ഒഴിവാകും
നിലവിലുള്ള രണ്ട് പാലങ്ങളും ബന്ധിപ്പിച്ച് ഒറ്റപ്പാലമാക്കുന്നതാണ് അപകടങ്ങൾ പൂർണമായും ഒഴിവാക്കുന്നതിനുള്ള മാർഗ്ഗമെന്ന് ചീഫ് എൻജിനീയറുടെ സ്ഥലപരിശോധനാ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇരുപാലങ്ങളും തമ്മിൽ ഉയരവ്യത്യാസമുള്ളതിനാൽ പഴയപാലം പൊളിച്ച് പുതിയ പാലത്തോട്‌ചേർത്ത് പുനർനിർമ്മിക്കുന്നതിനാണ് അനുമതി നൽകിയിട്ടുള്ളത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുംവരെ അപകടങ്ങൾ ഒഴിവാക്കുന്നതിന് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനായി തെർമോപ്ലാസ്റ്റിക്ക് പെയ്ന്റ് ഉപയോഗിച്ചുള്ള റംബിൾ സ്ട്രിപ്പുകൾ സ്ഥാപിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.