അങ്കമാലി: കൊവിഡ് പ്രതിരോധ കുത്തിവെപ്പിനായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി അങ്കമാലി താലൂക്ക് ആശുപത്രിയിൽ നടത്തിയ ഡ്രൈ റൺ പൂർണ വിജയം.
മുൻകൂട്ടി നിശ്ചയിച്ച 25 പേർക്ക് നടപടിക്രമങ്ങൾ പാലിച്ച് പ്രതിരോധ മരുന്ന് വിതരണം പൂർത്തിയാക്കുന്നതിന്റെ പരിശീലനമായിരുന്നു ഡ്രൈ റൺ. രാവിലെ ഒൻപത് മണി മുതൽ 11 വരെയുള്ള സമയത്ത് മുൻനിശ്ചയിച്ച 25 പേർ തങ്ങൾക്ക് അനുവദിച്ച സമയത്ത് ആരോഗ്യ കേന്ദ്രത്തിലെത്തി പ്രതിരോധ വാക്‌സിൻ സ്വീകരിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി.
ഡ്രൈ റൺ നടപടികൾക്ക് താലൂക്ക് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. നസീമ നജീബ്, താലൂക്ക് ആശുപത്രിയിലെ കൊവിഡ് 19 നോഡൽ ഓഫീസർ ഡോ. അനിത ആർ. കൃഷ്ണ എന്നിവർ നേതൃത്വം നൽകി. ബെന്നി ബെഹനാൻ എം.പി, റോജി എം. ജോൺ എം.എൽ.എ, അങ്കമാലി മുൻസിപ്പൽ ചെയർമാൻ റെജി മാത്യു, വൈസ് ചെയർപേഴ്‌സൺ റീത്ത പോൾ, കൊവിഡ് 19 ജില്ലാ നോഡൽ ഓഫീസർ ഡോ. ശിവദാസ്, ഡബ്ല്യു. എച്ച്. ഒ കൺസൾട്ടന്റ് ഡോ. പ്രതാപൻ എന്നിവർ സന്നിഹിതരായിരുന്നു.