edvankad
എടവനക്കാട് വെള്ളം കയറിയ വീടുകള്‍

വൈപ്പിൻ: കിഴക്ക് കായലും പടിഞ്ഞാറ് കടലുമായ വൈപ്പിൻ ദ്വീപ് കാലം തെറ്റി വന്ന വേലിയേറ്റത്തെ തുടർന്ന് ദുരിതത്തിലായി. എല്ലാ വർഷവും വൃശ്ചികത്തിൽ കടലിൽ നിന്ന് വേലിയേറ്റം കൂടുകയും കടൽതീരത്തോടും കായാലോരത്തോടും അടുത്ത് കിടക്കുന്ന പ്രദേശങ്ങളിൽ വെള്ളം പൊങ്ങുകയും ചെയ്യുക പതിവാണ്. പക്ഷേ ഇത്തവണ വൃശ്ചികം പിന്നിട്ട് ധനു മൂന്നാമത്തെ ആഴ്ച കടന്നിട്ടും വൃശ്ചിക വേലിയേറ്റത്തിന് കുറവൊന്നുമില്ല. മാത്രമല്ല പതിവ് രീതിയിൽ നിന്ന് തെറ്റി കൂടുതൽ വെള്ളം അടിച്ച് കയറുകയുമാണ്.

പടിഞ്ഞാറ് ഭാഗത്ത് കടലിനോട് ചേർന്ന് സമാന്തരമായി ഒഴുകുന്ന പൊയിൽ ( കായൽ ) നിറഞ്ഞും കിഴക്ക് ഭാഗത്ത് ഒഴുകുന്ന കൊച്ചി കോട്ടപ്പുറം പുഴ നിറഞ്ഞും സമീപ പ്രദേശങ്ങളിലും തോടുകളിൽ കൂടിയും മറ്റ് പ്രദേശങ്ങളിലും വെള്ളം പൊങ്ങുകയാണ്. പൊക്കാളിപാടങ്ങൾ നിറഞ്ഞ് സമീപ പ്രദേശങ്ങൾ വെള്ളത്തിലാകുന്നുണ്ട്.

തോടുകളുടെ ഇരുവശങ്ങളും കരിങ്കൽ ചിറ കെട്ടി പൊക്കി വെള്ളം കയറുന്നത് തടയണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും നൂറു കണക്കിന് തോടുകൾ ഉള്ള വൈപ്പിൻ ദ്വീപിൽ അതൊന്നും പ്രായോഗികമല്ല.

ഓരുവെള്ളം കയറി

ഉപ്പ് കലർന്ന ഓരുവെള്ളം കയറി താഴ്‌ന പ്രദേശങ്ങളിലെ വീടുകൾ ജീർണാവസ്ഥയിലായി. ഭിത്തികൾക്ക് വിള്ളൽ ഉണ്ടാകുക , ഭിത്തികളിലെ പ്ലാസ്റ്ററിംഗ് അടർന്നു പോകുക , വീട്ടുവളപ്പുകളിലെ പച്ചക്കറി കൃഷി നശിച്ച് പോകുക , മലിന ജലം കെട്ടി കിടന്ന് പകർച്ചവ്യാധി പടരുക, സെപ്ടിക് ടാങ്കുകൾ നിറഞ്ഞ് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ വിഷമിക്കുക തുടങ്ങിയ ദുരിതങ്ങളാണ് പ്രദേശവാസികൾ ഇപ്പോൾ അനുഭവിക്കുന്നത്.

ഗതാഗതം സ്തംഭിച്ചു

വേലിയേറ്റം മൂലം തീരദേശറോഡുകൾക്കും , പഞ്ചായത്ത് റോഡുകൾക്കും നാശം സംഭവിക്കുന്നുണ്ട്. തീരദേശ റോഡിൽ എടവനക്കാട് , നായരമ്പലം , കുഴുപ്പിള്ളി എന്നിവിടങ്ങളിൽ കടലിൽ നിന്ന് മണൽ അടിച്ചു കയറി ഗതാഗതം സ്തംഭിക്കുന്നുണ്ട്. ചിലയിടങ്ങളിൽ കൂമ്പാരമായി കിടക്കുന്ന മണ്ണ് ജെ.സി.ബി ഉപയോഗിച്ച് നീക്കിയാണ് ഗതാഗത യോഗ്യമാക്കുന്നത്. ചെമ്മീൻ കെട്ടുകളിൽ നിന്നും തോടുകളിൽ നിന്നും വെള്ളം കയറി ഇടറോഡുകൾ പലതും മുങ്ങിപോയിട്ടുണ്ട്. എടവനക്കാട് മൂരിപ്പാടം , 6,7, 8,9,10 വാർഡുകൾ , നായരമ്പലം വെളിയത്താംപറമ്പ് ബീച്ച് റോഡ്, പഴങ്ങാട് , ചാത്തങ്ങാട് , ചെറായി അരയത്തി കടവ് റോഡ് , ചെറായി വാരിശ്ശേരി ക്ഷേത്ര പരിസരം തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഓരുവെള്ളം കയറി ജനജീവിതം ദുസഹമാകുകയാണ്.