പറവൂർ: കൃത്യസമയത്ത് നോമിനേഷൻ കൊടുക്കാൻ കഴിയാതിരുന്നതിനാൽ പുത്തൻവേലിക്കര ഗ്രാമപഞ്ചായത്തിലെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അംഗങ്ങൾക്ക് പങ്കെടുക്കാനായില്ല. 11 മണിക്കാണ് തിരഞ്ഞെടുപ്പു വച്ചിരുന്നത്. നോമിനേഷൻ അതിനുമുമ്പേ സ്വീകരിച്ചു തുടങ്ങിയിരുന്നു. ഭരണപക്ഷമായ എൽ.ഡി.എഫിലെ അംഗങ്ങൾ നോമിനേഷൻ കൊടുത്തെങ്കിലും യു.ഡി.എഫിലെ അംഗങ്ങൾ കൃത്യസമയത്ത് നോമിനേഷൻ കൊടുത്തില്ല. നോമിനേഷൻ കൊടുത്ത എൽ.ഡി.എഫ് അംഗങ്ങൾ മാത്രം വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റാൻഡിംഗ് കമ്മിറ്റി നികത്താനുള്ള ഒഴിവുകളിലേക്ക് മാത്രമേ ഇനി യു.ഡി.എഫ് അംഗങ്ങൾക്ക് അംഗമാകാൻ കഴിയൂ. നറുക്കെടുപ്പിലൂടെ ഏതെങ്കിലുമൊരു സ്ഥിരംസമിതി അദ്ധ്യക്ഷ സ്ഥാനം ലഭിക്കാനുള്ള സാദ്ധ്യതയാണ് യു.ഡി.എഫിന് ഇല്ലാതായത്.
തുടർച്ചയായി മൂന്നു തവണ യു.ഡി.എഫ് ഭരിച്ച പഞ്ചായത്താണ് ഇക്കുറി എൽ.ഡി.എഫ് പിടിച്ചത്. എൽ.ഡി.എഫ് 10, യു.ഡി.എഫ് 6, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.