കൊച്ചി : വൈറ്റില ഫ്ളൈ ഒാവർ ഉദ്ഘാടനത്തിനു മുമ്പ് തുറന്നുകൊടുത്ത കേസിൽ പ്രതികളായ മൂന്നു വീ ഫോർ കൊച്ചി പ്രവർത്തകർക്ക് ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചു. തമ്മനം സ്വദേശി ആന്റണി ആൽവിൻ, കളമശേരി സ്വദേശി സാജൻ അസീസ്, മട്ടാഞ്ചേരി സ്വദേശി ഷക്കീർ അലി എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ഏഴു പ്രതികളുള്ള കേസിൽ ഇതുവരെ ആറുപേർക്ക് ജാമ്യം നൽകി.
കേസിലെ മുഖ്യപ്രതിയും വീ ഫോർ കൊച്ചി കോ ഓർഡിനേറ്ററുമായ നിപുൺ ചെറിയാന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് വൈറ്റില ഫ്ളൈ ഒാവറിൽ വാഹനങ്ങൾ കയറാതിരിക്കാൻ സ്ഥാപിച്ച ബാരിക്കേഡ് നീക്കി വാഹനങ്ങൾ കടത്തിവിട്ട സംഭവുമുണ്ടായത്. 1.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കേസെടുത്തതിനെത്തുടർന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.