കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപത ഭൂമി വില്പനയുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ അന്വേഷണം നടത്താൻ അനുമതിതേടി എറണാകുളം സെൻട്രൽ പൊലീസ് കോടതിയിൽ അപേക്ഷ നൽകി. തൃക്കാക്കര നൈപുണ്യ സ്കൂളിനു സമീപത്ത് രൂപതയുടെ ഉടമസ്ഥതയിലുള്ള സ്ഥലംവിറ്റതുമായി ബന്ധപ്പെട്ട് പോളച്ചൻ പുതുപ്പാറ നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ എറണാകുളം സി.ജെ.എം കോടതി നിർദേശിച്ചിരുന്നു. പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ലാൻഡ് ട്രിബ്യൂണലിൽ അന്വേഷണം നടത്തി കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും വ്യാജപട്ടയം ചമച്ചു ഭൂമിയിടപാടു നടത്തിയെന്ന ആരോപണത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും പൊലീസ് നൽകിയ അപേക്ഷയിൽ പറയുന്നു.
1976 ൽ ലാൻഡ് ട്രിബ്യൂണൽ നൽകിയതെന്ന പേരിൽ എറണാകുളം അങ്കമാലി അതിരൂപത മാർ ജോസഫ് പാറേക്കാട്ടിലിന്റെ പേരിൽ വ്യാജപട്ടയം ചമച്ചെന്നാണ് പരാതി. 1992 ലാണ് എറണാകുളം അങ്കമാലി അതിരൂപത നിലവിൽ വന്നതെന്നും ലാൻഡ് ട്രിബ്യൂണലിൽനിന്ന് മറ്റൊരാളുടെപേരിലാണ് ക്രയസർട്ടിഫിക്കറ്റ് നൽകിയതെന്നും പരാതിയിൽ പറയുന്നുണ്ട്. ഇക്കാര്യങ്ങളിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് പൊലീസിന്റെ നിലപാട്.