കൊച്ചി: ഡോളർകടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ കസ്റ്റംസ് ഒൻപതു മണിക്കൂർ ചോദ്യംചെയ്തശേഷം വിട്ടയച്ചു. അയ്യപ്പനെ ചോദ്യംചെയ്യാനായി വീണ്ടും വിളിക്കേണ്ടെന്ന് കസ്റ്റംസ് തീരുമാനിച്ചതായി അറിയുന്നു.
ഇന്നലെ രാവിലെ ഔദ്യോഗിക വാഹനത്തിൽ എറണാകുളം ഗസ്റ്റ്ഹൗസിലെത്തിയ അയ്യപ്പൻ ഓട്ടോറിക്ഷയിലാണ് കസ്റ്റംസ് ഓഫീസിലെത്തിയത്. മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.
രാവിലെ പത്തിന് ആരംഭിച്ച ചോദ്യംചെയ്യൽ രാത്രി ഏഴിനാണ് പൂർത്തിയായത്. സ്പീക്കറുടെ യാത്രാവിവരങ്ങളും അദ്ദേഹത്തെ സന്ദർശിച്ചവരെക്കുറിച്ചും ടൂർ ഡയറിയിലെ വിവരങ്ങളും സംബന്ധിച്ച് വിശദമായി മൊഴിയെടുത്തു.
ആദ്യഘട്ടത്തിൽ നിയമസഭാ ജീവനക്കാരൻ എന്ന പരിരക്ഷയുള്ളതിനാൽ ഹാജരാകേണ്ടതില്ലെന്ന് അയ്യപ്പൻ തീരുമാനിച്ചിരുന്നു. ഫോണിൽ വിളിച്ചും ഓഫീസിൽ നോട്ടീസ് നൽകിയും ചോദ്യംചെയ്യാൻ രണ്ട് തവണ വിളിച്ചെങ്കിലും അയ്യപ്പൻ ഹാജരായിരുന്നില്ല. മൂന്നാംതവണ വീട്ടിലെ മേൽവിലാസത്തിൽ നോട്ടീസ് അയച്ചപ്പോഴാണ് ഹാജരായത്. ഡോളർ കടത്ത് കേസിൽ സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴിയിൽ സ്പീക്കറുമായി ബന്ധപ്പെട്ട ചില പരാമർശങ്ങൾ ഉണ്ടായതിനെത്തുടർന്നായിരുന്നു ചോദ്യംചെയ്യൽ.