ആലങ്ങാട്: സ്കൂട്ടർ യാത്രക്കാരിയായ നഴ്‌സ് കാറിടിച്ച് മരിച്ച സംഭവത്തിൽ വാഹനം നിർത്താതെ കടന്നു കളഞ്ഞയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സി. പി. എം നേതാവും സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഭാരവാഹിയുമായ സി.കെ. ജലീലിനെയാണ് വെള്ളിയാഴ്ച്ച പുലർച്ചെ തായിക്കാട്ടുകരയിലെ വീട്ടിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് കേസ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പറവൂർ പെരുവാരം പുന്നക്കാട്ടിൽ സിന്റോയുടെ ഭാര്യ സുവർണ ഏലിയാസാണ് (35) മരിച്ച സ്കൂട്ടർ യാത്രക്കാരി. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 7.30 ഓടെ ആലുവ – പറവൂർ റോഡിൽ മാളികംപീടികയ്ക്ക് സമീപമായിരുന്നു അപകടം. ഉടൻ നാട്ടുകാർ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിനിടയാക്കിയ കാർ ഇന്നോവയാണെന്ന് സൂചന ലഭിച്ചിരുന്നു. ചുണങ്ങംവേലി രാജഗിരി ആശുപത്രിയിലെ നഴ്‌സാണ് സുവർണ. രണ്ടാം ക്ലാസിൽ പഠിക്കുന്ന ദിയ ഏക മകളാണ് .