കൊച്ചി: നിയമപരമായ തടസങ്ങൾനീക്കി പത്മസരോവരം പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ പറഞ്ഞു. നേരത്തെ കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിറ്റിയുടെ അനുമതി ഇല്ലാതെ നടത്തിയ നിർമാണങ്ങൾ പൊളിച്ചുകളയാൻ ഹൈക്കോടതി ഉത്തരവിട്ടതിനെത്തുടർന്നാണ് പദ്ധതി നിലച്ചുപോയത്. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തോടുചേർന്നുള്ള പുറമ്പോക്ക് ഭൂമിയിലൂടെ നടപ്പാതയും സൈക്കിൾട്രാക്കും നിർമിക്കുകയെന്നതായിരുന്നു പദ്ധതി. പക്ഷേ ജലാശയത്തിന്റെ ഒത്തനടുക്കുകൂടിയുള്ള സൈക്കിൾ ട്രാക്കാണ് കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിട്ടിയുടെ അനുമതിയില്ലാതെ നിർമിച്ചത്. പുതിയ സാഹചര്യത്തിൽ ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കി മുന്നോട്ടു പോകും. പദ്ധതിയിലൂടെ ഒരുകോടി രൂപയുടെ നഷ്ടമാണുണ്ടായിട്ടുണ്ടെന്നും മേയർ പറഞ്ഞു. ജില്ലാ കലക്ടർ എസ് സുഹാസ്, ആർക്കിടെക്ട് ബിലേ മേനോൻ, റവന്യൂ അധികൃതർ എന്നിവർക്കൊപ്പം പദ്ധതിപ്രദേശം സന്ദർശിച്ചശേഷമാണ് മേയർ ഈകാര്യം പറഞ്ഞത്.

ജി സ്മാരക നിർമാണം വേഗത്തിലാക്കും
ജി ശങ്കരക്കുറുപ്പ് സ്മാരക നിർമാണം ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും മേയർ അറിയിച്ചു. ഹൈക്കോടതിയ്ക്ക് സമീപം ഗോശ്രീറോഡിൽ സ്മാരകം നിർമിക്കാൻ അനുവദിച്ചസ്ഥലം മേയർ ഇന്നലെ നേരിട്ട് സന്ദർശിച്ചു. മുൻ ഡെപ്യൂട്ടി മേയർ ബി. ഭദ്ര, ജി.സി.ഡി.എ ചെയർമാൻ വി. സലീം, കലക്ടർ എസ്. സുഹാസ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.സി.എം ദിനേശ്‌മണി മേയറായിരുന്നപ്പോഴാണ് സ്മാരകം നിർമിക്കാനുള്ള പദ്ധതി ആരംഭിച്ചത്. അന്ന് ഒരേക്കർ ഭൂമിയും സർക്കാർ അനുവദിച്ചു. എന്നാൽ, പിന്നീട് തുടർനടപടികൾ ഉണ്ടാകാത്തതിനാൽ ഇപ്പാൾ 25 സെന്റ് സ്ഥലമായി ചുരുങ്ങി. അങ്ങോട്ടു പോകാനുള്ള വഴി ഇതുവരെ തയ്യാറായിട്ടില്ല. അതില്ലാതെയാണ് പദ്ധതിയെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ നടന്നു കൊണ്ടിരുന്നത്. ഈ കുറവ് പരിഹരിക്കും. ജി.സി.ഡി.എ.യുടെ സ്ഥലത്തു കൂടിയാണ് പദ്ധതി കടന്നുപോകുന്നത്.

അളവ് നിയന്തിക്കും

കലൂർ സബ്സ്റ്റേഷൻ പരിസരത്തെ വെള്ളക്കെട്ട് നിയന്ത്രിക്കാനാവശ്യമായ നടപടികളെകുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോർപറേഷന്റെയും ബ്രേക്ക് ത്രൂ പദ്ധതിയുടെയും എൻജിനീയർമാരോട് ആവശ്യപ്പെട്ടതായും മേയർ അറിയിച്ചു. കലൂർ പാലാരിവട്ടം ഭാഗത്തുനിന്നും ഒഴുകിയെത്തുന്ന വെള്ളം കനാലിലേക്ക് പോകുന്നത് കുറയ്ക്കനാവശ്യമായ നടപടികൾ സ്വീകരിക്കാനും മേയർ ആവശ്യപ്പെട്ടു. പാലാരിവട്ടം റോഡിനുകുറുകെ കൾവെർട്ടും സ്ഥിരമായ പമ്പിംഗ് സംവിധാനവും ഒരുക്കാൻ കെ.എം.ആർ.എല്ലുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.