pi

കൊച്ചി: വൈറ്റില ഫ്ളൈഓവർ ഉദ്ഘാടനത്തിനു മുമ്പ് തുറന്നുകൊടുത്ത വീ ഫോർ കൊച്ചി പ്രവർത്തകർക്ക് ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും രൂക്ഷ വിമർശനം. പ്രതിസന്ധികളെ അതിജീവിച്ച് സംരംഭം പൂർത്തീകരിച്ചപ്പോൾ പ്രശ്‌നങ്ങൾ സൃഷ്ടിച്ച് പ്രശസ്തി നേടാനിറങ്ങിയവരാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ചെറിയൊരു ആൾക്കൂട്ടം മാത്രമാണിത്. ഇവരെ ജനം തിരിച്ചറിയണം. നമ്മുടെ നാട് അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനും പ്രോത്സാഹനം നൽകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മേൽപ്പാലം നിർമ്മാണം തുറന്നുകൊടുക്കാതെ വെച്ചു താമസിപ്പിക്കുന്നുവെന്ന പ്രചാരണം നടത്തുന്നവർ നാടിന്റെ ശത്രുക്കളാണെന്ന് മന്ത്രി ജി.സുധാകരൻ കുറ്റപ്പെടുത്തി. നാടിന്റെ വഞ്ചകരാണവർ. കൊച്ചിയിൽ മാത്രമുള്ള ചില പ്രൊഫഷണൽ ക്രിമിനൽ മാഫിയാസംഘങ്ങളാണ്. കൊച്ചിയിൽ സിനിമാമേഖലയിൽ മാഫിയാസംഘങ്ങളെ നാം കണ്ടു. കള്ളപ്പണ മാഫിയയും ഇവിടെയുണ്ട്. വീ ഫോർ കൊച്ചിയല്ല വീ ഫോർ അസ് ആണിത്. സ്വന്തം താത്പര്യത്തിനു വേണ്ടിയാണിവരുടെ പ്രവർത്തനമെന്നും മന്ത്രി പറഞ്ഞു.