ഏലൂർ: വസന്തത്തിന്റെ ഇടിമുഴക്കത്തിന് കാതോർത്തിരിക്കുന്ന നക്സലൈറ്റ് കുഞ്ഞപ്പൻ 83ാം വയസിലും തീഷ്ണമായ ചിന്തകളും നിലപാടുകളും കൈവിടാതെയാണ് ജീവിതം.
പൊലീസിന്റെ ക്രൂര മർദ്ദനമേൽക്കാത്ത ഒരിഞ്ചു സ്ഥലം ആ ശരീരത്തിലില്ല. അടിയന്തിരാവസ്ഥയിലെ കുപ്രസിദ്ധമായ ഉരുട്ടലിന് വിധേയനായിട്ടുണ്ട്. കുമ്പള കേസിൽ രണ്ടാം പ്രതിയായി ജീവപര്യന്തം തടവ് കിട്ടി. ആറു കർഷക തൊഴിലാളികളെ ഗുണ്ടകളെ വിട്ട് മർദ്ദിച്ചു കൊന്ന ജന്മിയായ മക്കാ ഹാജിയെ പൊതിരെ തല്ലാൻ പാർട്ടി നിയോഗിച്ച സംഘത്തിന്റെ നേതൃത്വം കുഞ്ഞപ്പനായിരുന്നു. ദൗത്യം നിറവേറ്റാനെത്തിയപ്പോൾ മക്കാ ഹാജിയാടെ സഹോദരൻ അബു ഹാജി കൊല്ലപ്പെട്ടു. ജയിൽ ശിക്ഷ കിട്ടിയപ്പോൾ പി.ആൻഡ് ടിയിലെ ജോലി പോയി. പ്രായമായ മാതാപിതാക്കളും സഹോദരിയും കുട്ടിയും ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം പട്ടിണിയിലായി . കുടുംബം പോറ്റാൻ ഭാര്യ കാർത്ത്യായനി കൂലി പണി ചെയ്തു. ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ അനുഭവിച്ച പീഡനങ്ങളും ദുരിതവും ഓർത്ത് സങ്കടപ്പെടുന്നില്ല. നല്ലൊരു നാളെക്കു വേണ്ടിയായിരുന്നു തന്റെ ജീവിതമെന്നാണ് കുഞ്ഞപ്പന്റെ നിലപാട്. പുലയ സമുദായത്തിൽ പിറന്നതിന്റെ അവഗണനകളും അയിത്തവും അനുഭവിച്ചറിഞ്ഞു.
സർവ്വീസിലിരിക്കുമ്പോഴാണ് ഇടത് തീവ്ര ആശയത്തോട് അടുക്കുന്നതും സജീവമാകുന്നതും. 50,000 രൂപ സർക്കാർ തലയ്ക്ക് വിലയിട്ട വെള്ളത്തൂവൽ സ്റ്റീഫനെ വീട്ടിൽ ഒളിവിൽ പാർപ്പിച്ചതോടെ പൊലീസിന്റെ നോട്ടപ്പുള്ളിയായി. കുഞ്ഞപ്പനെ കാണാൻ വന്നിരുന്നവർ പൊലീസ് തേടുന്ന പ്രമുഖ നക്സൽ നേതാക്കളായിരുന്നെന്ന് പാവം ഭാര്യ മനസിലാക്കുന്നത് പിന്നീടാണ്.
2015ൽ സി.പി.ഐ (എം.എൽ) സ്ഥാനാർത്ഥിയായി ഏലൂർ നഗരസഭാ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പണം, പദവി, പ്രശസ്തി ഒന്നിന്റെയും പുറകെ പോകാത്ത രാഷ്ടീയ പ്രവർത്തനമായിരുന്നു കുഞ്ഞപ്പന്റേത്. അനാരോഗ്യത്തെ തുടർന്ന് ഇപ്പോൾ വിശ്രമജീവിതത്തിലാണ് ഇദ്ദേഹം.