swapna

കൊച്ചി: നയതന്ത്രചാനൽ സ്വർണക്കടത്തു കേസിൽ കഴിഞ്ഞദിവസം സമർപ്പിച്ച കുറ്റപത്രത്തിലെ ചില സാക്ഷികളുടെ വിവരങ്ങളും മൊഴികളും രഹസ്യമായി സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം നൽകിയ അപേക്ഷ എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതി വിധിപറയാൻ മാറ്റി.

പി.എസ്. സരിത്ത്, സ്വപ‌്‌ന സുരേഷ് തുടങ്ങി 20 പ്രതികൾക്കെതിരെയാണ് കുറ്റപത്രം നൽകിയത്. ഇതിനൊപ്പമുള്ള ചില സാക്ഷിമൊഴികളും ഇൗ സാക്ഷികളുടെ വിവരങ്ങളും പുറത്തുവരുന്നത് അവരുടെ ജീവന് ഭീഷണിയാകുമെന്നതിനാൽ രഹസ്യമായി സൂക്ഷിക്കണമെന്നാണ് എൻ.ഐ.എയുടെ ആവശ്യം. ക്രിമിനൽ നടപടി ചട്ടത്തിലെ 173 (6) പ്രകാരം അന്വേഷണ റിപ്പോർട്ടിലെ ഏതെങ്കിലും ഭാഗം കേസിന്റെ നടപടിക്ക് ആവശ്യമല്ലെന്നു കണ്ടാലോ നീതിയുടെ താത്പര്യത്തിന് ആവശ്യമെന്നു കണ്ടാലോ രഹസ്യമാക്കി വയ്‌ക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെടാം.

 കോടതി അനുവദിച്ചാൽ

കുറ്റപത്രത്തിലെ വെളിപ്പെടുത്തലുകൾ സാക്ഷികളുടെ ജീവനു ഭീഷണിയാണെന്നു കണ്ടാൽ കോടതിക്ക് ഇൗ ആവശ്യം അനുവദിക്കാം. അങ്ങനെയെങ്കിൽ പ്രതിഭാഗത്തിനുപോലും അന്തിമറിപ്പോർട്ടിലെ ഇൗ ഭാഗം ലഭിക്കില്ല. കോടതിയുടെ പക്കൽ സുരക്ഷിതമായിരിക്കും.