കൊച്ചി: 15 രൂപയുടെ ചായ കുടിക്കുന്നവർക്ക് ഒരുകപ്പും കുറേ പച്ചക്കറിവിത്തുകളും സൗജന്യം, 20 രൂപയുടെ ചായയാണെങ്കിൽ കപ്പ് തിന്നാം ! കൊവിഡ് കാലത്തെ അതിജീവന പോരാട്ടത്തിനിടെ കൊച്ചി പനമ്പള്ളി നഗറിലെ ഒരു തട്ടുകടയിൽ പരീക്ഷിച്ചു വിജയിപ്പിച്ച വ്യാപാര തന്ത്രമാണിത്. നിലമ്പൂർ സ്വദേശിയായ ജോജിയാണ് ചായക്കോപ്പയിലും മൂല്യവർദ്ധന കണ്ടെത്തിയ തന്ത്രശാലി. രണ്ടു പതിറ്റാണ്ടോളമായി കൊച്ചിയിൽ ടാക്സി ഡ്രൈവറായി ജോലിചെയ്യുന്ന ജോജിക്ക് തട്ടുകട ചെറിയൊരു സൈഡ് ബിസിനസ് ആയിരുന്നു. കൊവിഡ് കാലത്ത് ടാക്സിക്ക് ഓട്ടമില്ലാതായപ്പോൾ തട്ടുകട മുഖ്യവരുമാന മാർഗമാക്കി. പക്ഷേ രോഗവ്യാപന സാധ്യതയുള്ളതിനാൽ ചായക്കച്ചവടവും പ്രതിസന്ധിയിലായി. ഉപയോഗശേഷം വലിച്ചെറിയുന്ന കപ്പിലാണ് ആദ്യമൊക്കെ ചായ കൊടുത്തിരുന്നത്. മാലിന്യപ്രശ്നത്താൽ വീർപ്പുമുട്ടുന്ന കൊച്ചിക്ക് തട്ടുകടയിലെ കപ്പുകൾ അമിതഭാരമായതോടെ ബദൽ മാർഗങ്ങൾ ആലോചിക്കേണ്ടിവന്നു. അങ്ങനെ ചായകോപ്പയുടെ വൈവിദ്ധ്യങ്ങളെക്കുറിച്ചുള്ള അന്വേഷണം ചെന്നെത്തിയത് കൊൽക്കത്തയിലെ മൺകപ്പുകളിലും ഈറോഡിലെ ബിസ്ക്കറ്റ് കപ്പിലുമാണ്. രണ്ടും ഇറക്കുമതി ചെയ്തതോടെ ചായക്കട ശ്രദ്ധേയമായി. 10 രൂപയ്ക്ക് ഡിസ്പോസിബിൾ കപ്പിൽ വിറ്റിരുന്ന ചായ 15 ഉം 20 ഉം രൂപയുടെ മൂല്യവർദ്ധിത ഉക്പന്നങ്ങളായി. മൺകപ്പിൽ 15 രൂപയുടെ ചായകുടിക്കുന്നവർക്ക് കപ്പ് വീട്ടിൽ കൊണ്ടുപോകാം എന്നുമാത്രമല്ല, കുറച്ച് പച്ചക്കറി വിത്തുകൾ സൗജന്യമായും ലഭിക്കും. ബിസ്ക്കറ്റ് കപ്പിലാണെങ്കിൽ ചായകുടിച്ചുതീരുന്നതിനനുസരിച്ച് കപ്പും തിന്നുതീർക്കാം. വില 20 രൂപയാകും. വലിച്ചെറിയലുമില്ല മാലിന്യവുമില്ല. കൊച്ചിയ്ക്കും ജോജിക്കും സന്തോഷം, ഉപഭോക്താവിന് അതിലേറെ സംതൃപ്തിയും.
കൊവിഡ് കാലത്ത് ഓട്ടം കുറവാണെങ്കിലും രാവിലെ കാറുമായി സ്റ്റാൻഡിലെത്തുന്ന ജോജി ഉച്ചക്ക് 2 വരെ ഡ്രൈവറായി ജോലിചെയ്യും. അതുകഴിഞ്ഞ് പനമ്പള്ളി നഗറിലെത്തി തട്ടുകടതുറക്കും. രാത്രി 11.30 വരെയാണ് പ്രവർത്തനസമയം. വൈകിട്ട് 4 ന് തട്ടുദോശ മുതൽ ചിക്കൻബിരിയാണിയും കുഴിമന്തിയുമൊക്കെ വിളമ്പുന്ന മറ്റൊരുതട്ടുകടയും ഇവിടെ എത്തും. ജോജികൂടി അംഗമായിട്ടുള്ള 'പാപ്രിക്ക' അയൽക്കൂട്ടത്തിന്റേതാണ് ഈ തട്ടുകട.