പറവൂർ: മണ്ണംതുരുത്ത് പുഴയിൽ ഉയർന്നു നിൽക്കുന്ന മണൽതിട്ട അടിയന്തിരമായി നീക്കം ചെയ്യണമെന്ന് മുസ്ലിം ലീഗ് വരാപ്പുഴ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. 2018ലെ പ്രളയത്തിൽ അടിഞ്ഞുകൂടിയ എക്കൽ മണ്ണ് മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് അധികൃതർ നടപടിയെടുത്തിട്ടില്ല. ഫെറി യാത്രക്കാർക്കും മത്സ്യത്തൊഴിലാളികൾക്കും അപകട ഭീഷണി ഉയർത്തുന്ന മണൽതിട്ട ഒഴുക്ക് തടസപ്പെടുത്തുന്നതിനാൽ പുഴയുടെ ആവാസ വ്യവസ്ഥയേയും ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി. നിയോജക മണ്ഡലം സെക്രട്ടറി കെ.എസ്. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. സുബൈർ വരാപ്പുഴ അദ്ധ്യക്ഷത വഹിച്ചു. കെ.എ. അബ്ദുൽ റസാഖ്, കെ.എച്ച്. നാസർ, ടി.എ. സമദ്, കെ.എ. ആഷിഫ്, എം.എച്ച്. നിജാസ് എന്നിവർ സംസാരിച്ചു.