puzha
എടമുള പുഴക്ക് സമീപം പുറമ്പോക്ക് ഭൂമി കൈയ്യേറി വാഴ കണ്ണുകൾ നടാൻ കുഴിയെടുത്തിരിക്കുന്നു

ആലുവ: ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് തിരക്കിലായിരിക്കെ ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ സ്വകാര്യ വ്യക്തി നാല് ഏക്കർ പെരിയാർ പുറമ്പോക്ക് കൈവശപ്പെടുത്തി. അഞ്ച് വർഷം മുമ്പ് റവന്യു വകുപ്പ് സ്ഥാപിച്ച അതിർത്തി കുറ്റികൾ നീക്കി പുറമ്പോക്ക് ഭൂമിയിൽ വാഴക്കണ്ണുകളും നട്ടു. പെരിയാറിന്റെ കൈവഴിയായ എടമുള പുഴക്ക് കുറുകെ 2019 മെയിൽ നിർമ്മിച്ച അനധികൃത പാലം ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ് സംഘടനകൾ പൊളിച്ചെങ്കിലും ഇതും കൈയേറ്റക്കാരൻ പുനസ്ഥാപിച്ചു. 15 -ാം വാർഡിലാണ് പുറമ്പോക്ക് ഭൂമി കൈയ്യേറലും അനധികൃത പാലവും നിർമ്മിച്ചത്.

ഉദ്യോഗസ്ഥരെല്ലാം തിരഞ്ഞെടുപ്പ് തിരക്കുകളിലാകുന്ന സമയത്താണ് ഇയാൾ പതിവായി കൈയ്യേറ്റത്തിനായി തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പ് സമയമായത്തായിരുന്നു അനധികൃത പാലം നിർമ്മിച്ചത്. അതിനാൽ ആരും പാലം നിർമ്മാണം ശ്രദ്ധിച്ചില്ല.

യുവജന സംഘടനകൾ പൊളിച്ച

അനധികൃത പാലവും പുനസ്ഥാപിച്ചു

മാനദണ്ഡങ്ങൾ പാലിക്കാതെയും മേജർ ഇറിഗേഷനും പഞ്ചായത്തും അറിയാതെയും ഇരുമ്പും പലകയും ഉപയോഗിച്ചാണ് ആറടി വീതിയിലും 15 മീറ്റർ നീളത്തിലും പാലം നിർമ്മിച്ചത്. പുഴയുടെ ഇരുകരകളിലും ഇയാളുടെ ഭൂമിയുണ്ട്. ഈ സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് പാലം നിർമ്മിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പിന് ശേഷം പരാതി ഉയർന്നപ്പോൾ പഞ്ചായത്ത് അധികൃതരെത്തി അനധികൃത നിർമ്മാണം പൊളിക്കാൻ നോട്ടീസ് നൽകി.

എന്നാൽ പാലം പൊളിക്കാൻ ഉടമ വിമുഖത കാട്ടിയപ്പോൾ ആദ്യം യൂത്ത് കോൺഗ്രസും പിന്നാലെ ഡി.വൈ.എഫ്.ഐയുമെത്തി പാലം പൊളിച്ചു. ഈ പാലമാണ് ഇപ്പോൾ ഇരുമ്പ് മാത്രം ഉപയോഗിച്ച് പുനസ്ഥാപിച്ചിട്ടുള്ളത്. നെല്ലായാമ്പതിയിലും സമാനമായ രീതിയിൽ റവന്യു ഭൂമി ഇയാൾ കെെവശപ്പെടുത്തിയതായി ആക്ഷേപമുണ്ട്.

ഭൂമി തിരിച്ചു പിടിക്കാൻ നടപടിയെടുക്കണം

പെരിയാർ തീരത്ത് സ്വകാര്യ വ്യക്തി കൈവശപ്പെടുത്തിയ പുറമ്പോക്ക് ഭൂമി തിരിച്ചുപിടിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി പറഞ്ഞു. പൊതുമുതൽ നഷ്ടപ്പെടാൻ അനുവദിക്കില്ല. തിരഞ്ഞെടുപ്പ് തിരക്കിനിടയിലാണ് കൈയ്യേറ്റം നടന്നതെന്നാണ് മനസിലാക്കുന്നത്.