kklm
നാവോളിമറ്റം ചെക്ക് ഡാമിന്റെ മെക്കാനിക്കൽ ഷട്ടറിന്റെ നിർമ്മാണോദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിക്കുന്നു

കൂത്താട്ടുകുളം: തിരുമാറാടി ഗ്രാമപഞ്ചായത്തിലെ നാവോളിമറ്റം ചെക്ക് ഡാമിന്റെ മെക്കാനിക്കൽ ഷട്ടറിന്റെ നിർമ്മാണോദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. തിരുമാറാടി പഞ്ചായത്തിലെ നാല് ഓലികളിൽ നിന്ന് വരുന്ന ജലം തടഞ്ഞു നിർത്തി സംഭരിക്കുന്നത് നാവോളിമറ്റം ചെക്ക് ഡാമിലാണ്. ജല ദൗർല്ലഭ്യമുള്ള ഈ പ്രദേശങ്ങളിലെ കൃഷി ആവശ്യങ്ങൾക്കും മറ്റു ഗാർഹിക ആവശ്യങ്ങൾക്കും ഉള്ള ജലം ഇവിടെ നിന്നാണ് ലഭിക്കുന്നത്. ചെക്ക് ഡാമിന്റെ ഇരുവശങ്ങളിലും പലകയിട്ട് ഇടയിൽ മണ്ണ് നിറച്ച് താൽക്കാലിക ബണ്ട് നിർമ്മിച്ചായിരുന്നു ജലം സംഭരിച്ചു നിർത്തിയിരുന്നത്. ഈ താൽക്കാലിക ബണ്ടിന് പകരം സ്ഥിരം സംവിധാനം വേണമെന്ന ജനങ്ങളുടെ ആവശ്യം പരിഗണിച്ച് ജല വിഭവ വകുപ്പ് മന്ത്രിയ്ക്ക് അനൂപ് ജേക്കബ് എം.എൽ.എ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നാവോളിമറ്റം ചെക്ക് ഡാമിൽ മെക്കാനിക്കൽ ഷട്ടറിനായി 8 ലക്ഷം രൂപ അനുവദിച്ചത്. ചെക്ക് ഡാമിന് ഉള്ളിൽ ഇറങ്ങാതെ മുകളിൽ നിന്നും പ്രവർത്തിപ്പിക്കാവുന്ന മെക്കാനിക്കൽ ഷട്ടറിന്റെ നിർമ്മാണ പ്രവൃത്തികൾ ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കും. ഈ പ്രവൃത്തിയുടെ പൂർത്തീകരണത്തോടെ ഈ പ്രദേശത്തെ ജലദൗർലഭ്യത്തിനു പരിഹാരമാകുമെന്ന് അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. യോഗത്തിൽ തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് രമാ മുരളീധര കൈമൾ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആശാ സനൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം ജോർജ്, ബ്ലോക്ക് അംഗം ലളിത വിജയൻ, പഞ്ചായത്ത് അംഗങ്ങളായ സാജു ജോൺ, അനിത ബേബി, സുനി ജോൺസൺ, കേരളാ കോൺഗ്രസ് (ജേക്കബ്) മണ്ഡലം പ്രസിഡന്റ് സൈബു മടക്കാലിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിബി ജോസഫ്, ജോൺസൺ, എം.സി തോമസ്, ഉപഭോക്തൃ സമിതി അംഗം ജോയ് ഫിലിപ്പ്, ജീമോൻ എബ്രഹാം,അസി. എൻജിനീയർ പ്രിയങ്ക ടി.കെ തുടങ്ങിയവർ പങ്കെടുത്തു.