പറവൂർ: കാതിക്കൂടത്തെ നീറ്റാ ജലാറ്റിൻ കമ്പനിയുടെ ആസിഡ് കലർന്ന വിഷജലം പുഴയുടെ അടിയിലൂടെ പൈപ്പുകൾ സ്ഥാപിച്ച് പുത്തൻവേലിക്കര പഞ്ചായത്തിലെ ചൗക്കക്കടവ് ഭാഗത്തുള്ള പെരിയാറിലേയ്ക്ക് തള്ളുവാനുള്ള പദ്ധതിക്കെതിരെ പതിനായിരം പേർ ഒപ്പിട്ട ഭീമ ഹർജി മുഖ്യമന്ത്രിക്ക് നൽകുവാൻ ജനകീയ പ്രതിരോധ സമിതി തീരുമാനിച്ചു. ഭാവി പരിപാടികളെക്കുറിച്ച് ആലോചിക്കുവാൻ ഇന്ന് ഉച്ചക്ക് മൂന്നിന് പുത്തൻവേലിക്കര വി.സി.എസ് ഹയർ സെക്കൻഡറി സ്കൂളിൽ യോഗം ചേരും. ലക്ഷക്കണക്കിന് ജനങ്ങൾ കുടിവെള്ളത്തിനും കൃഷിക്കും മത്സ്യ ബന്ധനത്തിനും ആശ്രയിക്കുന്ന പുഴ മലിനപ്പെടുന്ന നിർദ്ദിഷ്ട പദ്ധതി ഉപേക്ഷിക്കണമെന്നാണ് സമിതിയുടെ ആവശ്യം. കഴിഞ്ഞ ആഴ്ച പദ്ധതിയുടെ സാധ്യത പഠനം നടത്തുന്നതിന് അനുമതി നൽകാൻ സർക്കാർ പുത്തൻവേലിക്കര പഞ്ചായത്തിന് നിർദ്ദേശം നൽകിയിരുന്നു. ചൊവ്വാഴ്ച കൂടിയ അടിയന്തര കമ്മിറ്റി യോഗം അനുമതി നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. മുഖ്യമന്ത്രിയെയും വകുപ്പ് മന്ത്രിയെയും കണ്ട് നിവേദനം നൽകാനും തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജനകീയ പ്രതിരോധ സമിതി ഇന്ന് പൊതുയോഗം വിളിച്ചിരിക്കുന്നത്.