cinema-theatre

കൊച്ചി : നികുതി ഒഴിവാക്കി സംസ്ഥാന സർക്കാർ സഹായ പാക്കേജ് പ്രഖ്യാപിക്കാതെ തി​യേറ്ററുകൾ തുറക്കേണ്ടതില്ലെന്ന് ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഒഫ് കേരള (ഫി​യോക്) ജനറൽ ബോഡി തീരുമാനിച്ചു.

ഗ്രാന്റ് ഹോട്ടലിൽ നടന്ന യോഗത്തിൽ ഫി​യോക് പ്രസിഡന്റ് ആന്റണി പെരുമ്പാവൂർ അദ്ധ്യക്ഷത വഹിച്ചു.

തിയേറ്റർ ഉടമകളുടെ നിർദ്ദേശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ഫിയോക് പ്രതിനിധികളുമായി ചർച്ച ചെയ്യും. ആന്റണി പെരുമ്പാവൂർ, ജനറൽ സെക്രട്ടറി സി.എം. ബാബു എന്നിവരും പ്രൊഡ്യൂസേഴ്സ്,​ എക്സിബിറ്റേഴ്സ്, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനുകൾ, ഫിലിം ചേംബർ എന്നിവയുടെ ഓരോ പ്രതിനിധിയും പങ്കെടുക്കും.

കൊവിഡ് കാരണം പത്തുമാസമായി അടഞ്ഞുകിടക്കുന്ന തിയേറ്ററുകൾ ജനുവരി 5 മുതൽ തുറക്കാമെന്ന് സർക്കാർ അറിയിച്ചിരുന്നു. തിയേറ്ററുകൾ തുറക്കാൻ ഭൂരിപക്ഷം ഉടമകളും ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സാമ്പത്തിക ബാദ്ധ്യത മൂലം മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന് നേതാക്കൾ പറഞ്ഞതിനോട് എല്ലാവരും യോജിക്കുകയായിരുന്നു. വിജയിന്റെ 'മാസ്റ്റർ' 13ന് റിലീസ് ചെയ്യാൻ ഉടമകൾ ആലോചിച്ചിരുന്നെങ്കി​ലും അതും വേണ്ടെന്നാണ് തീരുമാനം. 50ശതമാനം സീറ്റ് മാത്രമാകുമ്പോൾ വരുമാനം കുറയും. പ്രദർശനം രാവിലെ 9 മുതൽ രാത്രി 9 വരെയാക്കിയതിനാൽ സെക്കൻഡ് ഷോ നഷ്ടപ്പെടും.

തീരുമാനം ചർച്ചയ്‌ക്ക് ശേഷം

മുഖ്യമന്ത്രിയുടെ ചർച്ചയുടെ അടിസ്ഥാനത്തിലാവും തിയേറ്ററുകൾ തുറക്കുന്നത് തീരുമാനിക്കുക. സാമ്പത്തിക പാക്കേജ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുമെന്നാണ് വിശ്വാസം.

എം.സി. ബോബി.

ജനറൽ സെക്രട്ടറി