മൂവാറ്റുപുഴ: കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന തദ്ദേശതിരഞ്ഞെടുപ്പ് അവലോകനത്തിൽ യോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. കെ.പി.സി.സി നിരീക്ഷകൻ തോമസ് രാജൻ വിളിച്ചു ചേർത്ത മൂവാറ്റുപുഴ ,പൈങ്ങോട്ടൂർ, പോത്താനിക്കാട് മണ്ഡലം തല അവലോകന യോഗത്തിലാണ് നേതൃത്വത്തിനെതിരെ ഗ്രൂപ്പനധീത തമായി രൂക്ഷ വിമർശനവുമായി അണികൾ രംഗത്തെത്തിയത്. എന്നാൽ യോഗത്തിൽ മൂവാറ്റുപുഴയിലെ പ്രമുഖ നേതാക്കളൊന്നും എത്തിയിരുന്നില്ല. ബൂത്ത് പ്രസിഡന്റുമാർ, മണ്ഡലം തല ഭാരവാഹികൾ ,മുനിസിപ്പൽ കൗൺസിലർമാർ എന്നിവരുടെ യോഗമാണ് കഴിഞ്ഞ വ്യാഴാഴ്ച കെ.കരുണാകരൻ സപ്തതി മന്ദിരത്തിൽ ചേർന്നത്. യോഗം ആരംഭിച്ചു ഏറെ സമയം കഴിഞ്ഞിട്ടും മൂവാറ്റുപുഴ മേഖലയിലെപ്രമുഖ നേതാക്കൾ ആരും എത്തായതോടെയാണ് യോഗത്തിൽ സംബന്ധിച്ചവർക്കിടയിൽ മുറുമുറുപ്പ് ഉയർന്നു. മൂവാറ്റുപുഴ നഗരസഭയിൽ ഭൂരിപക്ഷം കുറയാൻ കാരണം നേതൃത്വത്തിന്റെ പിടിപ്പുകേടാണന്ന പരാതിയാണ് ആദ്യം ഉയർന്നത്. നിരവധി വാർഡുകളിൽ റിബൽ സ്ഥാനാർത്ഥികൾ മൽസര രംഗത്തു വന്നിട്ടും ഇവരെ മാറ്റുന്നതിന് നേതൃത്വത്തിന്റെ ഭാഗത്തു നിന്നും വേണ്ടത്ര ഇടപെടലുകൾ ഉണ്ടായില്ലന്നും ആരോപണമുയർന്നു. നേതാക്കളുടെ സാന്നിധ്യത്തിലാണ് യോഗം ചേരേണ്ടതെന്നും അവരുടെ കൂടി സാന്നിധ്യത്തിൽ വീണ്ടും യോഗം ചേരണമെന്നും ആവശ്യമുയർന്നു. വിമർശനം രൂക്ഷമായതോടെ പരാതികളും, വിമർശനങ്ങളും കേൾക്കാൻ നേതാക്കളുടെ സാന്നിധ്യത്തിൽ ജനുവരി രണ്ടാം വാരം വീണ്ടും യോഗം ചേരാമെന്ന് നിരീക്ഷകൻ അറിയച്ച് യോഗം അവസാനിപ്പിക്കുകയായിരുന്നു. കെ.പി.സി.സി ജന.സെക്രട്ടറി മാത്യു കുഴലനാടൻ, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കൂടിയായ കെ.പി.സി.സി സെക്രട്ടറി കെ.എം.സലിം ,മുനിസിപ്പൽ ചെയർമാൻ പി.പി.എൽദോസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.