ആലുവ: ചെറുമഴയിൽ പോലും ആലുവ നഗരത്തിൽ ഉണ്ടാകുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാവശ്യപ്പെട്ട് വ്യാപാരികൾ രംഗത്തെത്തി. നഗരത്തിലെ ഭൂരിഭാഗം പൊതുകാനകളും അടഞ്ഞുകിടക്കുന്നതിനാൽ ചെറിയ മഴയിൽ പോലും വെള്ളക്കെട്ട് സൃഷ്ടിക്കപ്പെടുന്നതിനാൽ വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറുകയാണെന്നാണ് വ്യാപാരികളുടെ പരാതി.
ബാങ്ക് കവല, മാർക്കറ്റ് റോഡ്, ബൈപാസ് കവലയിൽ മെട്രോ സ്‌റ്റേഷൻ പരിസരം എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതൽ വെള്ളക്കെട്ട് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ പല കടകളിലും വെള്ളം കയറി. സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്ത് മാർക്കറ്റ് റോഡിലേയും അൻവർ ആശുപത്രി റോഡിലേയും വ്യാപാരികളാണ് കൂടുതൽ കഷ്ടപ്പെടുന്നത്. നഗരസഭയുടെ അടിയന്തിര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോണിന് നിവേദനം നൽകി. ശക്തമായ മഴയിൽ കാനകളിൽ വെള്ളം നിറഞ്ഞ് വെള്ളം ഒഴുകിപ്പോകാതെ കെട്ടികിടക്കുന്നതാണ് കാരണമെന്ന് വ്യാപാരികൾ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
കാനകളിൽ നിന്ന് മാലിന്യം എടുത്തു മാറ്റുന്നത് തിരഞ്ഞെടുപ്പ് വന്നതോടെ നിശ്ചലാവസ്ഥയിലാണ്. ഒഴുകിപ്പോകാൻ സൗകര്യം ഇല്ലാതായതോടെ മഴ മാറിയാലും മലിനജലം വ്യാപാരശാലകളുടെ മുന്നിൽ കെട്ടിക്കിടക്കുന്നതായും പരാതിയുണ്ട്. കാനകളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. ആലുവ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് നസീർ ബാബു, വൈസ് പ്രസിഡന്റ് പി.എം. മൂസാക്കുട്ടി, ട്രഷറർ ജോണി മൂത്തേടൻ എന്നിവരുടെ നേതൃത്വത്തിലാണ് വ്യാപാരികൾ നിവേദനം നൽകിയത്.